വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരക്കെതിരായ കേസ് നടത്തിയതിലെ വീഴ്ചയുടെ പേരിൽ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനെ പിരിച്ചുവിട്ടു. അഡീഷണൽ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിൽ പ്ലീഡറായിരുന്ന പി.കെ. വിജയമോഹനെതിരെയാണ് അപൂർവമായ നടപടിയുണ്ടായത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടക്കഞ്ചേരി. വെറും 43 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി തോറ്റതോടെയാണ് തിരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിക്കാൻ സിപിഎം തീരുമാനിച്ചത്. സിപിഎം സഹയാത്രികനും മുതിർന്ന അഭിഭാഷകനുമായിരുന്ന എംകെ ദാമോദരന്റെ ഓഫീസ് വഴി ഫയൽ ചെയ്ത തിരഞ്ഞെടുപ്പ് ഹർജി പക്ഷെ വാദത്തിനെടുക്കും മുൻപെ ഹൈക്കോടതി തള്ളി. ഹർജി തയ്യാറാക്കിയതിലുണ്ടായ ഗുരുതര പിഴവുകളാണ് ഉത്തരവിൽ ചൂണ്ടിക്കാണിച്ചത്. എംകെ ദാമോദരന്റെ ഓഫീസിലെ പ്രമുഖനായ പി.കെ. വിജയമോഹനായിരുന്നു ഹർജി തയ്യാറാക്കിയത്. ഒരുലക്ഷത്തോളം രൂപയും ഇതിനായി സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ചിലവഴിച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.
നന്നായി നടത്താമായിരുന്ന കേസായിരുന്നിട്ടും വാദത്തിന് പോലും കഴിയാതെ തള്ളിപ്പോയ സാഹചര്യം പാർട്ടിയും ഗൗരവമായി പരിഗണിച്ചു. തുടർന്നാണ് എംകെ ദാമോദരന്റെ ശുപാർശയിൽ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തെത്തിയ വിജയമോഹനെതിരെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാർ അഭിഭാഷകരെ നിയന്ത്രിക്കുന്ന അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെയും പക്ഷെ നടപടിവിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല.