മണ്ഡലകാലത്തിനുള്ള ഒരുക്കങ്ങൾ നവംബർ അഞ്ചിന് മുൻപ് പൂർത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ശബരിമല തീർത്ഥാടന കാലത്തിനു മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിൽ യോഗങ്ങൾ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി.
ഏറ്റുമാനൂർ ,എരുമേലി,ചെങ്ങന്നൂർ, പന്തളം എന്നീവിടങ്ങളിലാണ് മന്ത്രിയുടെ അധ്യക്ഷതയിൽ മണ്ഡലകാല മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ അവലോകന യോഗങ്ങൾ ചേർന്നത്. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി,സിസിടിവി കാമറകളുടെ പ്രവർത്തനം , ഹോട്ടൽ വില നിയന്ത്രിക്കുന്നതിൻ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ഇടപെടൽ ,ശുചിത്വകാര്യങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ,കുടിവെള്ള വിതരണം എന്നിവ യോഗം വിലയിരുത്തി. മോട്ടോർ വാഹന വകുപ്പ്,എക്സൈസ് ,പൊലീസ് ,അഗ്നി ശമന സേന എന്നീവരുടെ മുഴുവൻ സമയ കൺട്രോൾ റൂമുകൾ ഇടത്താവളങ്ങളിൽ പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ചെങ്ങന്നൂർ സ്റ്റേഷനിൽ മണ്ഡലകാലം കണക്കിലെടുത്ത് എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് റയിൽവേ അധികൃതർ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തുമെന്ന കാര്യവും യോഗത്തെ അറിയിച്ചു. ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് , ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥർ,അയ്യപ്പസേവാ സംഘം പ്രതിനിധികൾ തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുത്തു. നവംബർ പതിനാറിനാണ് ഈ വർഷത്തെ മണ്ഡലം മകരവിളക്ക് ആഘോഷങ്ങൾക്ക് തുടക്കമാകുക.