മുംബൈ ∙ അന്ധേരി സ്പോർട്സ് കോംപ്ലക്സിൽ, മഹേന്ദ്രസിങ് ധോണി ചെത്തിവിട്ട ഒരു ഫ്രീകിക്ക് വളഞ്ഞിറങ്ങിയപ്പോൾ കാണികൾ ആർപ്പു വിളിച്ചു; ബെൻഡ് ഇറ്റ് ലൈക്ക് ധോണി!
ഇംഗ്ലണ്ട് മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന്റെ പ്രശസ്തമായ ‘ബെൻഡ് ഇറ്റ്’ ഫ്രീകിക്കിന്റെ അതേമാതൃകയിലായിരുന്നു ധോണിയുടെ ഫ്രീകിക്ക് ഗോൾ. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി നയിച്ച ഓൾ ഹേർട്സ് ടീമും അഭിഷേക് ബച്ചൻ നയിച്ച ഓൾ സ്റ്റാർസ് ടീമും തമ്മിലുള്ള സൗഹൃദക്കളിയിലായിരുന്നു ഈ ഗോൾ. മൽസരം കോഹ്ലിയുടെ ടീം 7–3നു തൂത്തുവാരി. രണ്ടാമതൊരു ഗോൾ കൂടി നേടിയ ധോണിയാണു മാൻ ഓഫ് ദ് മാച്ചും. കോഹ്ലിയും ഒരു ഗോൾ നേടി. മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി. ആർ. ശ്രീജേഷ്, ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ തുടങ്ങിയവരും കോഹ്ലിയുടെ ടീമിൽ കളിക്കിറങ്ങിയിരുന്നു.