കരാട്ടെയിൽ ലോകചാംപ്യൻഷിപ്പിന് തയ്യാറെടുക്കുന്ന ഒരു മലയാളിബാലികയെ പരിചയപ്പെടാം. മഹാരാഷ്ട്ര താനെ ഡി.എ.വി പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനി ഇഷികാപ്രകാശാണ് താരം.
താനെ വീർസവർക്കർ മാർഗ് സാകേത് കോംപ്ല്സിലെ വീട്ടിൽ ഇഷികപ്രകാശ് എന്ന ഒൻപതുവയസുകാരി കടുത്ത പരിശീലനത്തിലാണ്. ലണ്ടനിലെത്തുന്ന രാജ്യാന്തരതാരങ്ങളെ തറപറ്റിക്കാനുള്ള തയ്യാറെടുപ്പിൽ.
മുംബൈ നേവൽ ഡോക്യാർഡിൽ സീനിയർ ടെക്നിഷ്യനായി ജോലിചെയ്യുന്ന പ്രകാശ് - ബിന്ദു ദമ്പതിമാരുടെ മകളാണ് ഇഷിക. താനെ ഡി.എ.വി പബ്ലിക് സ്കൂള്‍ വിദ്യാർഥിനി. ഒൻപതുവയസിനിടെ സ്കൂൾ, ജില്ലാ,സംസ്ഥാനതലങ്ങളിലും, ദേശിയ-രാജ്യാന്തര തലത്തിലും വാരിക്കൂട്ടിയ മെഡലുകൾ ഒട്ടനവധി. നാലുതവണ ദേശീയചാംപ്യൻഷിപ്പിൽ സ്വർണം. ഏഷ്യന്‍ചാംപ്യൻഷിപ്പിൽ സ്വർണനേട്ടം കൈവരിച്ചത് രണ്ടുതവണയും.
ഗുരുവായൂർ തമ്പുരാൻപടി സ്വദേശിയായ അച്ഛൻ പ്രകാശിനും അമ്മ ബിന്ദുവിനും കുട്ടിയുടെ സുവർണനേട്ടത്തിൽ അഭിമാനം.
പത്ത് വയസിന് താഴെയുള്ളവരുടെ വിഭാഗത്തിലാണ് ഇഷിക മൽസരിക്കുക. വ്യാഴാഴ്ചമുതൽ ചാംപ്യൻഷിപ്പ് ആരംഭിക്കും. 27രാജ്യങ്ങളിൽനിന്നുള്ള കുട്ടികളാണ് പോരാട്ടത്തിനെത്തുക.