പറക്കും കുരങ്ങ് എന്നറിയപ്പെടുന്ന ആമസോണിലെ കുരങ്ങുകളാണ് സാകി കുരങ്ങുകള്‍. ശരീരം മുഴുവന്‍ നീണ്ട രോമങ്ങളുള്ള ഇവയെ സ്ലോത്തിന്‍റെ വകഭേദമായി തെറ്റിധരിക്കുക സാധാരണമാണ്. എന്നാല്‍ നീണ്ടു കിടക്കുന്ന വാലും വേഗത്തില്‍ നീങ്ങാനുള്ള കഴിവും കൊണ്ട് തങ്ങള്‍ കുരങ്ങുകൾ തന്നെയാണെന്ന് ഇവ കാട്ടിത്തരും. സാകി കുരങ്ങുകളിലെ അഞ്ചു വിഭാഗങ്ങളില്‍ ഒന്നിനെയാണ് 80 വര്‍ഷങ്ങള്‍ക്കു ശേഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയിരിക്കുന്നത്.
കാലിന്‍റെ പകുതിക്ക് താഴേക്ക് സ്വര്‍ണ്ണ നിറമുള്ള നീണ്ട രോമങ്ങളോട് കൂടിയവയാണ് ഈ കുരങ്ങുകള്‍. വന്‍സോലിന ബാള്‍ഡ് ഫേസ്ഡ് സാകി എന്നാണ് ഇവയ്ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. പ്രശസ്ത ബ്രസീലിയന്‍ സുവോളജിസ്റ്റായ പൗലോ വന്‍സോലിനയുടെ പേരാണ് കുരങ്ങിനു നല്‍കിയത്. ലോറാ മാര്‍ഷ് എന്ന സുവോളജിസ്റ്റിന്‍റെ നേതൃത്വത്തിലാണ് ഗ്ലോബല്‍ കണ്‍സര്‍വേഷന്‍ എന്ന സംഘടനയിലെ ഗവേഷകര്‍ ഈ കുരങ്ങിനെ കണ്ടെത്തിയത്.