മുംബൈ ഡല്‍ഹി ജെറ്റ് എയര്‍വേയ്സ് വിമാനം പാക് അധീനകശ്‍മീരിലേക്ക് തട്ടിക്കൊണ്ടുപോവുമെന്ന് വ്യാജഭീഷണി മുഴക്കി അധികൃതരെയും യാത്രക്കാരെയും വലച്ചയാള്‍ പിടിയില്‍. മുമ്പ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ വച്ച് പരാതി നല്‍കിയ വിരുതനാണ് ഇത്തവണ ബോംബ് ഭീഷണി മുഴക്കിയത്. അഹമ്മദാബാദില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ വിമാനം ആറുമണിക്കൂര്‍ പരിശോധനയ്ക്കുശേഷമാണ് യാത്ര തുടര്‍ന്നത്.
പുലർച്ചെ 2.55ന് മുംബൈ ഛത്രപതി ശിവാജിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ ശുചിമുറിയിൽനിന്ന് എയര്‍ഹോസ്റ്റസിനാണ് ഇംഗ്ലീഷിലും ഉറുദുവിലമുള്ള ഭീഷണിക്കത്ത് ലഭിച്ചത്. 12 പേരടങ്ങുന്ന സംഘം സ്ഫോടനവസ്തുക്കളുമായി വിമാനത്തിലുണ്ടെങ്കിലും ഡൽഹിയിലിറക്കാതെ നേരെ പാക് അധീനകശ്മീരിലേക്ക് പോവണമെന്നുമായിരുന്നു ആവശ്യം. ഭീഷണിസന്ദേശം എയര്‍ഹോസ്റ്റസില്‍ നിന്നു ലഭിച്ച പൈലറ്റ് വിമാനം അഹമ്മദാബാദ് സർദാർ വല്ലഭായ്പട്ടേൽ വിമാനത്താവളത്തിലിറക്കി. 115യാത്രക്കാരെയും, ഏഴ് ജീവനക്കാരെയും വിമാനത്താവളത്തിലേക്ക് മാറ്റി മണിക്കൂറുകളോളം പരിശോധനനടത്തി. ഒടുവിലാണ് ജെറ്റ് എയര്‍വേയ്സിലെ സ്ഥിരം യാത്രക്കാരനായ സല്ല ബിര്‍ജു പിടിയിലായത്. ബിര്‍ജുവിനെ ആജീവനാന്തം വിമാനയാത്രയില്‍ നിന്ന് വിലക്കാന്‍ കേന്ദ്ര വ്യോമയാനമന്ത്രി ഇത്തരവിട്ടിട്ടുണ്ട്. ഒരുമാസം മുമ്പ് നടപ്പായ നിയമത്തിന്റെ ഭാഗമായി ആദ്യം വിലക്ക് നേരിടുന്നയാളാണ് ബിര്‍ജു. ജെറ്റ് എയര്‍വേയ്സിന്റെ വിമാന സര്‍വീസുകള്‍ താളം തെറ്റിക്കുകയായിരുന്നു ബിര്‍ജുവിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.