മാസാവസാനം ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ എന്തായിരിക്കും അവസ്ഥ? മിക്കവരുടെയും അക്കൗണ്ട് കാലിയായിരിക്കും. എന്നാൽ സിഡ്നിയിൽ ഒരു യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ കണ്ടത് $24.5 മില്ല്യൺ അതായത് 245 ലക്ഷം ഡോളർ. ക്ലെയിർ വെയ്ൻറൈറ്റ് എന്ന യുവതിയാണ് ഒരു ദിവസം ഇരുട്ടിവെളുത്തപ്പോൾ കോടീശ്വരിയായത്.
ഈ ഭാഗ്യം ലഭിക്കുന്നതിന് മുമ്പ് ബാങ്ക് ക്ലെയിറിനെ കുറച്ച് വെള്ളംകുടിപ്പിച്ചിരുന്നു. മാസവാടകയായ $2500ന് (162137.50 ഇന്ത്യൻ രൂപ) പകരം $25,102,107. (1627997149.49 ഇന്ത്യൻ രൂപ) ബില്ല് നൽകി. ഇതോടൊപ്പം യുവതിയുടെ അക്കൗണ്ടിലെ തുക ബാങ്ക് എടുക്കുകയും ചെയ്തു. ബാങ്കിന്റെ തെറ്റ് ക്ലെയർ ചൂണ്ടികാട്ടിയിരുന്നു. ഇതേതുടർന്ന് ബാങ്ക് എടുത്ത പണം തിരികെ അക്കൗണ്ടിൽ തിരികെ നിക്ഷേപിച്ചു. എന്നാൽ തിരികെ നിക്ഷേപിച്ചപ്പോൾ അധികമായി $24.5 മില്യൺ നിക്ഷേപിച്ചു. അതോടെയാണ് ക്ലെയർ കോടീശ്വരിയായത്.
അധികം കിട്ടിയ തുകയിൽ നിന്ന് ഇതുവരെയും ഒന്നും ഇവർ ചെലവാക്കിയിട്ടില്ല. ഈ വിവരം ബാങ്കിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലത്രെ.