മംഗളകർമ്മങ്ങൾ നടക്കുന്ന വേളയിൽ സംഭവിക്കാവുന്ന നിമിത്തങ്ങളാണ് ശകുനങ്ങൾ. ഇത് രണ്ടു വിധത്തിൽ ഉണ്ട്. ശുഭശകുനങ്ങളും, അശുഭശകുനങ്ങളും. ശുഭശകുനങ്ങൾ നൽകുന്നത് നല്ല ഫലങ്ങളാണ്. എന്നാൽ അശുഭശകുനങ്ങൾ വരാൻ പോകുന്ന പ്രതികൂല അനുഭവങ്ങളുടെ സൂചനയാണ്. ഗൃഹനിർമ്മാണ വേളയിൽ ശിലാന്യാസ സമയത്താണ് ശകുനങ്ങൾ നോക്കാറുള്ളത്.
∙ ശിലാന്യാസ ഭൂമിയിൽ നിന്നും മനുഷ്യന്റെയോ മൃഗങ്ങളുടെയോ എല്ല്, തലയോട്ടി തുടങ്ങിയവ മണ്ണു വെട്ടുമ്പോൾ ലഭിച്ചാൽ അത് ഗൃഹനിർമ്മാണത്തിലെ അശുഭലക്ഷണമാണ്.
∙ മരണാനന്തര പ്രക്രിയയുമായി ബന്ധപ്പെട്ട വസ്തുക്കളുമായി ആരെങ്കിലും വരുന്നത് അശുഭകരമാണ്. ചിതാഭസ്മം, എള്ള്, ദർഭ തുടങ്ങിയവയൊക്കെ ഇതിലുൾപ്പെടും.
∙ ശിലാന്യാസ സമയത്ത് ഗൃഹനിർമ്മാണത്തിനുവേണ്ടിയുള്ള വസ്തുവിൽ മരച്ചില്ല ഒടിഞ്ഞു വീണാൽ അശുഭ സൂചനയാണ്.
∙ ശിലാന്യാസത്തിൽ പങ്കെടുക്കുന്നവരുടെ വസ്ത്രം കീറുന്നതും, അവർ കൊണ്ടുവരുന്ന ഏതെങ്കിലും സാമഗ്രികൾ നഷ്ടമാകുന്നതും അവയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നതും ദോഷകരമാണ്. പങ്കെടുക്കുന്നവർക്ക് പരുക്കേൽക്കുന്നതും രക്തം വരുന്നതും നല്ല ലക്ഷണമല്ല.
∙ ശിലാന്യാസ വേളയിൽ പക്ഷികൾ കലഹിക്കുന്നതും, ബഹളം വയ്ക്കുന്നതും, പട്ടി മോങ്ങുന്നതും, പൂച്ച ഉച്ചത്തിൽ കരയുന്നതും, മൂങ്ങ വിളിക്കുന്നതും നല്ല ലക്ഷണങ്ങളല്ല.
∙ ഏതെങ്കിലും വസ്തുക്കൾ താഴെവീണ് ഉടയുന്നത് അശുഭകരമാണ്.
∙ ചേര, പാമ്പ് തുടങ്ങിയ ഇഴജന്തുക്കളെ നിർമ്മാണസ്ഥലത്തു കാണുന്നത് ദോഷകരമായ സൂചനയാണ്.
∙ ശിലാന്യാസ സമയത്ത് വ്യക്തികൾ തമ്മിൽ കലഹിക്കുന്നതും, ആരെങ്കിലും പിണങ്ങിപ്പോകുന്നതും അശുഭലക്ഷണങ്ങളിൽപ്പെടും.
മേൽപ്പറഞ്ഞവയാണ് ശിലാന്യാസ വേളയിൽ ഉണ്ടാകുന്ന പ്രധാന അശുഭലക്ഷണങ്ങൾ. ഇവ ഉണ്ടായാൽ ഗൃഹനിർമ്മാണ വേളയിൽ തടസ്സങ്ങൾ നേരിടുമെന്ന് കരുതപ്പെടുന്നു. ഒരു വാസ്തുവിദഗ്ധന്റെ നിർദേശാനുസരണം തടസ്സങ്ങൾക്ക് പരിഹാരം കണ്ടാൽ ഗൃഹനിർമ്മാണം സുഗമമായി നടത്തുവാൻ കഴിയും.