ചടങ്ങുകളില്ല, ലളിതം സുന്ദരം കെ കെ ലതികയുടെ മകന്റെ വിവാഹം. കുറ്റ്യാടിയിലെ മുൻ എംഎൽഎ കെകെ ലതികയുടെയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍മാഷിന്റെയും ഇളയമകൻ ഉണ്ണിയുടെ വിവാഹമാണ് ചടങ്ങുകളേതുമില്ലാതെ നടത്തിയത്. കെ കെ ലതിക തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഞങ്ങളുടെ ഉണ്ണിയുടെ( ഇളയമകന്റെ) വിവാഹം കഴിഞ്ഞുഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. എന്ന ചെറുകുറിപ്പിലൂടെയാണ് സന്തോഷം പങ്കുവച്ചിരിക്കുന്നത്.
ആർഭാട വിവാഹങ്ങൾ തകൃതിയായി നടക്കുന്ന സമകാലീനസാഹചര്യത്തിൽ ലളിതവിവാഹം നടത്തി മാതൃകയായിരിക്കുകയാണ് ഈ കുടുംബം. മകളുടെ വിവാഹം ആഡംബരപൂർവം നടത്തിയ സി.പി.ഐ എംഎൽഎ ഗീതാ ഗോപിക്കെതിരെ വിമർശനം ഉയർന്നിരുന്നു. എംഎൽഎയുടെ സാമ്പത്തികശ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയും നൽകിയിരുന്നു. ഈ വിവാദചൂട് അടങ്ങും മുമ്പേയാണ് ലളിതവിവാഹം നടത്തി മോഹനൻമാഷും കെകെ ലതികയും സമൂഹമാധ്യമത്തിന്റെ കൈയടി നേടിയിരിക്കുന്നത്.