ജിമിക്കി കമ്മൽ കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ചിന്ത ജെറോം. ഷാൻ റഹ്മാൻ ഗാനമായ ജിമിക്കി കമ്മലിനെ വിമർശിച്ച ചിന്താ ജെറോമിന് ട്രോളോടു ട്രോളാണ്. വിഷയത്തെക്കുറിച്ച് ചിന്തയുടെ പ്രതികരണം ഇങ്ങനെ;
ജിമിക്കി കമ്മൽ ഒരു സാധാരണ പാട്ടല്ലേ? അതിനെ കീറിമുറിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?
മാറുന്ന യുവതലമുറ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള 45 മിനുട്ട് ദൈർഘ്യമുള്ള പ്രസംഗമാണത്. ഒരു മാസം മുമ്പ് കഴിഞ്ഞ സംഭവമാണ്. അതിന്റെ പൂർണ്ണരൂപം യൂട്യൂബിലുണ്ട്.
സമൂഹത്തിൽ വന്ന മാറ്റത്തെക്കുറിച്ചും യുവാക്കൾ എത്രമാത്രം മാറിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ സംസാരിച്ചുവന്ന കൂട്ടത്തിൽ രസകരമായി ജിമിക്കി കമ്മലിന്റെ കാര്യം കൂടി പരാമർശിച്ചതാണ്. പ്രസംഗമാകുമ്പോൾ എല്ലാം ഗൗരവത്തിൽ തന്നെ ആകേണ്ടതില്ലല്ലോ എന്നുകരുതി വളരെ ലളിതമായ ഒരു ഉദാഹരണം എടുത്തതാണ്. എന്നാൽ അത് മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുമ്പോൾ ഈ പാട്ടിനെ വിമർശിച്ച രീതിയിലാണ് എല്ലാവരും കണകാക്കുന്നത്.
കല, കലയായിട്ട് കാണണം എന്നു പറയുന്ന ഒരു വിഭാഗമാണ് ഈ വിമർശനം ഉന്നയിക്കുന്നത്. എന്നാൽ എന്റെ നിലപാട് കല സമൂഹത്തിന്റെ പ്രതിഫലനമാണ്, സമൂഹത്തെ മുന്നോട്ട് നയിക്കാൻ ഉതകുന്നതാകണം എന്നതാണ്. ഇത്തരം ഗാനങ്ങൾ ഹിറ്റാകുമ്പോൾ അവ സമൂഹത്തെ മുന്നോട്ട് നയിക്കാൻ ഉതകുന്നതാണോ എന്നാണ് ഞാൻ പ്രസംഗിച്ചത്.
പാട്ട് മോശമാണെന്ന് പറഞ്ഞിട്ടില്ല, അതിനെ വിമർശിച്ചിട്ടുമില്ല. ജിമിക്കി കമ്മൽ ഞാനും ആസ്വദിക്കുകയും താളം പിടിക്കുകയും ചെയ്യുന്ന പാട്ടാണ്. കേരളത്തിന്റെ പുറത്തേക്കും പാട്ട് ഹിറ്റായതിൽ അഭിമാനമുണ്ട്. എന്നാൽ അത് പറയുന്ന സന്ദേശം നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് ചർച്ച ചെയ്യണമെന്ന് പറഞ്ഞത്. എന്നാൽ ഇത്രത്തോളം ഈ രീതിയിൽ ചർച്ചയാകുമെന്ന് കരുതിയില്ല.
കുറേ ട്രോളുകൾ. ട്രോളുകൾ മിക്കതും ഞാൻ ആസ്വദിക്കുകയും ചെയ്തു. ശാന്തമീ രാത്രിയിൽ ആരാണ് അലമ്പുണ്ടാക്കുന്നത് കൊണ്ട് കേസ് കൊടുക്കൂ തുടങ്ങിയ ട്രോളുകൾ രസകരവുമാണ്. ട്രോൾ ഇറക്കുന്നവരുടെ കഴിവിനെ ബഹുമാനിക്കുന്നു, എത്ര പെട്ടന്നാണ് രസകരമായ ട്രോളുകൾ ഇറക്കുന്നത്. എന്നാൽ ഞാൻ അതിലെ വാക്കിനെയും അക്ഷരങ്ങളെയും ഈ അർഥത്തിൽ കീറിമുറിച്ചില്ല. അന്ന് അവിടെ വേദിയിലുണ്ടായിരുന്ന കാണികൾക്ക് മുമ്പിൽ അവർ തന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംസാരിച്ചത്. പരുമല യുവജന സംഘടനയുടെ അന്തർദേശിയ സെമിനാറിലാണ് പ്രസംഗിച്ചത്.