ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) അഫ്ഗാനിസ്ഥാനിലും സിറിയയിലും ആഞ്ഞടിച്ച് സൈന്യം. യുഎസ് പിന്തുണയോടെയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ കനത്ത ആക്രമണത്തിനൊടുവിൽ റാഖ നഗരവും ഐഎസ് ഉപേക്ഷിച്ചു. നൂറിലധികം ഐഎസ് ഭീകരർ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന റാഖയെ മോചിപ്പിക്കാൻ മാസങ്ങളായി യുഎസ് സൈന്യം കനത്ത പോരാട്ടമാണ് നടത്തിവന്നിരുന്നത്.
അഫ്ഗാനിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ 14 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിനെ കുനാർ പ്രവിശ്യയിലായിരുന്നു ആക്രമണം. ഐഎസ് ഭീകരർ പിടിച്ചെടുത്ത ഈ പ്രദേശത്ത് സർക്കാർ സംവിധാനങ്ങളെയെല്ലാം തുരത്തിയോടിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം.
ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതിനിടെ 14 ഐഎസ് കമാൻഡർമാരാണു കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും പരാതി ഉയർന്നിട്ടുണ്ട്. അമേരിക്ക ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിറിയയിലെ റാഖ ഐഎസ് ഭീകരരിൽ നിന്ന് സൈന്യം തിരിച്ചു പിടിച്ചത്. ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന ഇവിടം യുഎസിന്റെ പിന്തുണയോടെയാണ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് പിടിച്ചെടുത്തത്.
റാഖയിലെ എല്ലാ ഭീകരരും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം നഗരം വിട്ടതായാണ് റിപ്പോർട്ട്. എന്നാൽ ഇവർ എവിടേക്കാണു കടന്നതെന്ന് വ്യക്തമല്ല. സമാധാനം പുനഃസ്ഥാപിച്ച് സൈന്യവും വൈകാതെ നഗരം വിടുമെന്നാണറിയുന്നത്. സിറിയയിൽ നിന്നുള്ള ഒട്ടേറെ ഐഎസ് ഭീകരർ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയതായും റിപ്പോർട്ടുണ്ട്.