വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതായ സംഭവത്തിൽ, വളർത്തച്ഛൻ എറണാകുളം സ്വദേശി വെസ്‌ലി മാത്യുവിന്റെ (37) മൂന്നു വാഹനങ്ങൾ അന്വേഷണസംഘം പിടിച്ചെടുത്തു. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്ത് ഇതിലൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായി സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിട്ടുണ്ട്.
വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ലാപ്ടോപ്പും മറ്റു രേഖകളും പിടിച്ചെടുത്തു. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിർത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വെസ്‌ലി പൊലീസിനെ അറിയിച്ചത്.
കാണാതാകുന്നതിനു മുൻപു കുട്ടി നിന്ന മരച്ചുവട്ടിൽ ഇന്നലെ സമീപവാസികൾ ഒത്തുകൂടി പ്രാർഥന നടത്തി. ഇതേസമയം, ഷെറിനെ വെസ്‌ലി മാത്യു അപായപ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നു കൊച്ചിയിലെ ബന്ധുക്കൾ പറയുന്നു. കുഞ്ഞിനെ പുറത്തിറക്കി നിർത്തിയതല്ലാതെ ഉപദ്രവിച്ചിട്ടില്ലെന്നു വെസ്‌ലി ആണയിട്ടു പറഞ്ഞതായും അവർ വ്യക്തമാക്കി.
വെസ്‌ലി–സിനി ദമ്പതികൾക്കു കുഞ്ഞു പിറന്നപ്പോൾ ദത്തുപുത്രിയോടു സ്നേഹം കുറഞ്ഞെന്ന ആരോപണം തെറ്റാണെന്നും കുടുംബാംഗങ്ങൾ പറയുന്നു. കുഞ്ഞുണ്ടായി രണ്ടു വർഷത്തിനുശേഷമാണു ഷെറിനെ ദത്തെടുക്കുന്നത്.
മൂന്നു വയസ്സുകാരി സരസ്വതിയെ(ഷെറിൻ) കാണാതായെന്ന വാർത്ത വിശ്വസിക്കാനാവാത്ത നിലയിലാണു ബിഹാർ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രം അധികൃതർ. രണ്ടു വർഷം മുൻപ്, കുട്ടിക്ക് ഒരു വയസ്സുള്ളപ്പോഴാണു ദമ്പതികൾ ഇവിടെനിന്നു ദത്തെടുത്തത്. യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു.
കാണാതായ വിവരം അറിഞ്ഞപ്പോൾ മുതൽ ഏറെ വിഷമത്തിലാണെന്നു സർക്കാരിതര സംഘടനയായ നളന്ദ മദർ തെരേസ അനാദ് സേവ ആശ്രമം സെക്രട്ടറി ബബിത കുമാരി പറഞ്ഞു. മൂന്നുവർഷം മുൻപു ഗയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണു സരസ്വതിയെ കണ്ടെത്തിയത്. കുട്ടിയുടെ ഒരു കണ്ണ് ചെറുതായതിനാൽ കാഴ്‌ചക്കുറവുണ്ട്. സംസാരവൈകല്യവും ഒരു കൈയ്ക്കു സ്വാധീനക്കുറവുമുണ്ട്.
ഡൽഹിയിലെ സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് അതോറിറ്റി (സിഎആർഎ) വഴിയാണു ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. കുട്ടിയെ കാണാതായ വിവരം സിഎആർഎ ഇമെയിൽ വഴിയാണ് അറിയിച്ചത്. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതും സിഎആർഎയാണെന്നു ബബിത കുമാരി പറഞ്ഞു.