യുഎസില്‍ കാണാതായ ഷെറിന്‍ എന്ന പെണ്‍കുട്ടിയെ വെസ്‌ലി മാത്യു – സിനി ദമ്പതികള്‍ ദത്തെടുത്തത് ബീഹാറിലെ നളന്ദയിലുള്ള ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന്. മൂന്നു വര്‍ഷം മുമ്പ് ഗയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത പെണ്‍കുട്ടിയെ ഡല്‍ഹിയിലെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി വഴി ഒരു വയസുള്ളപ്പോഴാണ് ഇവര്‍ ദത്തെടുത്തത്. തുടര്‍ന്ന് അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുകയും പേര് ഷെറിന്‍ മാത്യൂസ് എന്ന് മാറ്റുകയും ചെയ്തു.
ഗയയില്‍ നിന്നു സരസ്വതിയെന്ന പെണ്‍കുട്ടിയെ കണ്ടു കിട്ടുമ്പോള്‍ ഒരു കണ്ണ് ചെറുതായിരുന്നു. ഇതുകൊണ്ടുതന്നെ കാഴ്ച വൈകല്യമുണ്ട്. മാത്രമല്ല, സംസാര വൈകല്യവും ഒരു കൈയ്ക്ക് സ്വാധീനക്കുറവുമുണ്ട്.
കുട്ടിയെ കാണാതായ വിവരം സിഎആര്‍എ ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സിഎആര്‍എ ആണെന്ന് ബീഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രം മദര്‍ തേരേസെ അനാദ് സേവ ആശ്രമം സെക്രട്ടറി ബബിത കുമാരി പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും വിഷമത്തിലാണെന്നും ഇവര്‍ അറിയിച്ചു.
വെസ്ലി – സിനി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നപ്പോള്‍ ദത്തുപുത്രിയോട് സ്നേഹം കുറഞ്ഞെന്ന ആരോപണം തെറ്റാണെന്ന നിലപാടിലാണ് വെസ്ലിയുടെ ബന്ധുക്കള്‍. ഇവര്‍ക്ക് കുഞ്ഞുണ്ടായി രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു കുഞ്ഞിനെ ദത്തെടുത്തതെന്നും ഇവര്‍ പറയുന്നു.