അമേരിക്കയില്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് മരിച്ചത് നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ്. കഴിഞ്ഞ ദിവസം കലുങ്കിനടിയില്‍നിന്ന് ലഭിച്ച മൃതദേഹം ഷെറിന്‍റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെസ്‌ലിയെ അറസ്റ്റ് ചെയ്തത്.
ആദ്യം പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ നിര്‍ബന്ധിച്ചപ്പോള്‍ പാല്‍ കുടിക്കാന്‍ തുടങ്ങി. പാല്‍ കുടിപ്പിക്കാന്‍ താനും ശ്രമിച്ചു. ഇതിനിടയില്‍ കുഞ്ഞിന് ചുമയും ശ്വാസതടസവുമുണ്ടായെന്നും ഹൃദയമിടിപ്പ് കുറഞ്ഞുവന്നെന്നും വെസ്‌ലി മാത്യുൂസ് പറഞ്ഞു. അബോധാവസ്ഥയിലായ കുഞ്ഞ് മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ എവിടെയാണ് കുട്ടിയെ ഉപേക്ഷിച്ചത് എന്നതിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയില്ല.
പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്ന് വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്.. ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. വീട്ടിൽ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.