ഒരു ടെലികോം കമ്പനി തങ്ങളുടെ നെറ്റ്‌വർക്കിൽനിന്ന് മറ്റൊരു കമ്പനിയുടെ നെറ്റ്‌വർക്കിലേക്കു പോകുന്ന ഫോൺകോളുകൾക്ക് നൽകേണ്ടുന്ന ഫീസ് മിനിറ്റിന് 14 പൈസയിൽ നിന്ന് ആറു പൈസയായി കുറയ്ക്കാൻ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) തീരുമാനിച്ചു. ഒക്ടോബർ ഒന്നു മുതലാണു പ്രാബല്യം. ഇന്റർ കണക്‌ഷൻ യൂസേജ് ചാർജ് (ഐയുസി) എന്ന ഈ ഫീസ് കുറയുമ്പോൾ ഫോൺകോൾ നിരക്ക് കുറയാൻ സാധ്യതയുണ്ട്.ഐയുസി കൂടി കണക്കാക്കിയാണു കോൾ നിരക്കു നിർണയിക്കുന്നത്.
ഐയുസി മിനിറ്റിന് 35 പൈസ ആയി ഉയർത്തണമെന്ന് എയർടെൽ, ഐഡിയ, വോഡഫോൺ തുടങ്ങിയ കമ്പനികൾ ആവശ്യപ്പെട്ടതു തള്ളിക്കൊണ്ടാണു ട്രായിയുടെ ഉത്തരവ്. ഇങ്ങനെയൊരു ഫീസേ വേണ്ടെന്നായിരുന്നു റിലയൻസ് ജിയോയുടെ നിലപാട്. 2020 ജനുവരി ഒന്നു മുതൽ ഐയുസി ഉണ്ടാവില്ലെന്നും ട്രായിയുടെ ഉത്തരവിൽ പറയുന്നു.