മലബാർ മേഖലയിൽ രാമലീല റിലീസ് ചെയ്യുന്നത് തടയാൻ ലിബർട്ടി ബഷീറിന്റെനേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായ് മലബാറിലെ പ്രമുഖ തിയറ്റർ ഉടമകളെ സ്വാധീനിച്ച് രാമലീലയ്ക്ക് ഡേറ്റ് നൽകരുതെന്നും, കളിച്ചാൽ തീയറ്റർ തച്ചു തകർക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു വാർത്ത. ദിലീപിന്റെ ഫാൻസ് പേജിലും ഇതുസംബന്ധിച്ച് കുറിപ്പ് വരുകയുണ്ടായി. എന്നാൽ ഇങ്ങനെയൊരു ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ലിബർട്ടി ബഷീർ രംഗത്തെത്തി.
തന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ രാമലീല പ്രദർശിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യം വളരെ നേരത്തെ തന്നെ ദിലീപിനോടും അരുൺ ഗോപിയോടും പറഞ്ഞിട്ടുള്ളതാണെന്നും ലിബർട്ടി ബഷീർ മനോരമ ഓൺലൈനോട് പറഞ്ഞു. ചിത്രം ആദ്യദിവസം തന്നെ കാണുമെന്നും സിനിമ എന്നത് ഒരു വ്യക്തിയുടെ അല്ല കൂട്ടായ്മയുടെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിലീപിനോടുള്ള പകയുടെയോ അമർഷത്തിന്റെയോ പേരിൽ രാമലീല കാണില്ല എന്നത് നൂറുശതമാനം തെറ്റാണെന്നും സിനിമയ്ക്ക് ദോഷം ചെയ്യുകയേ ഒള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
‘മലയാളസിനിമയിലെ ഒരാള്‍ പോലും ഈ സിനിമയ്ക്ക് എതിരെ നിൽക്കരുത് എന്ന അഭിപ്രായമാണ് എനിക്ക് ഉള്ളത്. ഏതോ ഒറ്റപ്പെട്ട ഒരാൾ മാത്രമാണ് ഈ സിനിമയ്ക്കെതിരെ ശബദം ഉയർത്തിയത്.
പത്തു പതിനഞ്ച് വർഷം കഷ്ടപ്പെട്ട് സിനിമയിൽ നിന്ന് അരുണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രാമലീല. അരുണിന്റെ മാത്രമല്ല ഒരുകൂട്ടം ആളുകളുടെ കഷ്ടപ്പാടും സ്വപ്നവുമൊക്കെ ഈ സിനിമയിലുണ്ട്. കുറേക്കാലമായി സിനിമയിൽ നിന്നു ചോറുണ്ണുന്നു. അതിനെ തള്ളിക്കളയരുത്. സിനിമയ്ക്ക് പ്രോത്സാഹനം കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇവിടെയുള്ള മറ്റുതിയറ്റർ ഉടമകളോടും ഈ ചിത്രം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പടത്തിന് ഒരു വിധിയുണ്ട്. ദിലീപ് ജയിലിൽ കിടന്നാലും പുറത്തിറങ്ങിയാലും സിനിമ നല്ലതാണെങ്കിൽ വിജയിക്കും മോശമാണെങ്കിൽ പരാജയപ്പെടും. ’– ലിബർട്ടി ബഷീർ പറഞ്ഞു.