ഹിറ്റ് ചിത്രമായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായി കെ.മധു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് സംവിധായകന്‍ കെ മധു ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇൗ ചിത്രം മലയാളികൾ കാണാൻ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്. 1988ൽ സാങ്കേതികത അത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് സിബിഐ ഡയറിക്കുറിപ്പ് പോലുള്ള, റിയാലിറ്റി അതുപോലെ ചിത്രീകരിച്ച ഒരു സിനിമ പുറത്തിറങ്ങുന്നതും വൻ വിജയം നേടുന്നതും.-കെ മധു പറയുന്നു.
മമ്മൂട്ടി എന്ന നടന്റെ പിന്തുണ കൊണ്ടാണ് ആ ചിത്രം യാഥാർഥ്യമായത്. തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി എഴുതിയ കുറ്റാന്വേഷകന് അലി ഇമ്രാൻ എന്ന മുസ്‍ലിം പേരായിരുന്നു നൽകിയിരുന്നത്. എന്നാൽ, മമ്മൂട്ടിയാണ് ബ്രാഹ്മണനാകാമെന്ന് നിർദേശിച്ചത്. അങ്ങനെ സേതുരാമയ്യർ എന്ന പേരും. അലി ഇമ്രാനെ മോഹന്‍ലാല്‍ പിന്നീട് മൂന്നാംമുറയില്‍ അവതരിപ്പിച്ചു. സേതുരാമയ്യർ കൈ പിന്നിലേയ്ക്ക് കെട്ടി നടക്കുന്നതും അദ്ദേഹത്തിന്റെ സംഭാവനയാണ്. നാല് ഭാഗങ്ങളേയും പോലെ അഞ്ചാം ഭാഗവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ, വലിയ ബജറ്റിൽ ഒരു ചരിത്ര സിനിമ കൂടി തന്റെ സംവിധാനത്തിൻ കീഴിൽ അണിഞ്ഞൊരുങ്ങുമെന്നും കെ.മധു പറഞ്ഞു.
മലയാള സിനിമയിലെ ഇന്നത്തെ രീതികൾ തന്നെ വേദനിപ്പിക്കുന്നതായും കെ.മധു പറഞ്ഞു. പണ്ടു കാലത്ത് നിലനിന്നിരുന്ന അച്ചടക്കമൊന്നും ഇന്ന് സിനിമാ മേഖലയിൽ ഇല്ല. 1978ല്‍ ആദ്യമായി സിനിമാ രംഗത്ത് പ്രവേശിച്ചപ്പോൾ എല്ലാവരും വളരെ മാന്യമായിട്ടായിരുന്നു പെരുമാറിയിരുന്നത്. പ്രേംനസീർ, ഷീല, മധു തുടങ്ങിയവരുടെ വളർച്ച ഇൗ മാന്യതയിലൂന്നിയായിരുന്നു. തമിഴ് സംസ്കാരത്തിൽ മുങ്ങിനിന്നിരുന്ന മലയാള സിനിമയെ കൈ പിടിച്ചുയർത്തിയത് ഇവരൊക്കെയായിരുന്നു–മധു പറഞ്ഞു.
അവനോടൊപ്പമോ അവളോടൊപ്പമോ അല്ല, ഞാനെന്റെ മനസിനൊപ്പമാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കേരളത്തിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.