ചേകവര്‍ ചന്തു'വിനെയും 'പഴശ്ശിരാജ'യെയുമൊക്കെ അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു വീരനായകനാകുന്നു. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രം പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് പറയുന്നത്.
ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇതെന്ന് മമ്മൂട്ടി പറയുന്നു. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം നവാഗതനായ സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്നും മാമാങ്കം എന്ന ശീര്‍ഷകം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ നവോദയയോട് നന്ദിയുണ്ടെന്നും മമ്മൂട്ടി പറയുന്നു. പൃഥ്വിരാജിനെ നായകനാക്കി വിമൽ അനൗൺസ് ചെയ്ത കർണൻ സിനിമയുടെ നിർമാതാവ് വേണു കുന്നംപള്ളിയാണ് ഈ ചിത്രം നിർമിക്കുന്നത്.
ചിത്രത്തെക്കുറിച്ച് മമ്മൂട്ടി എഴുതിയ കുറിപ്പ് വായിക്കാം–
വള്ളുവനാട്ടിലെ ചാവേറുകളുടെ ഐതിഹാസികമായ കഥകള്‍ പകര്‍ത്തുന്ന മാമാങ്കത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും വലിയ സിനിമയായിരിക്കും ഈ പ്രോജക്ട്. നവാഗതനായ സജീവ് പിള്ളയുടെ തിരക്കഥയാണ് അതിന്റെ കരുത്ത്. പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം ഒരുക്കിയ തിരക്കഥയാണിത്. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യമാണ് ഇതിന്റെ കഥാപശ്ചാത്തലം. മാമാങ്കം എന്ന അവരുടെ അഭിമാനസ്തംഭമായ ശീര്‍ഷകം ഉപയോഗിക്കാന്‍ അനുവദിച്ച നവോദയയുടെ ഹൃദയവിശാലതയോട് അങ്ങേയറ്റത്തെ നന്ദി. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. എനിക്ക് പുറമെ ഒരു വലിയ താരനിരയുണ്ട് ഈ ചിത്രത്തില്‍. വിഖ്യാരായ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു നീണ്ടനിരയുമുണ്ട്. മാമാങ്കത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളിൽ ഇനിയും പങ്കുവയ്ക്കാം.–മമ്മൂട്ടി പറഞ്ഞു.
1979ലാണ് പ്രേം നസീറിനെ നായകനാക്കി നവോദയ അപ്പച്ചന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത മാമാങ്കം പുറത്തിറങ്ങുന്നത്. മലയാളത്തിലെ അക്കാലത്തെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. പിന്നീട് ചാവേറുകളുടെ തന്നെ കഥയുമായി നവോദയ അപ്പച്ചന്‍ 1982ല്‍ ഒരുക്കിയ പടയോട്ടം എത്തി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായാണ് മമ്മൂട്ടി വേഷമിട്ടത്.