ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയിനെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മറ്റൊരു പീഡനക്കേസും വിവാദമാകുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരായാണ് പുതിയ ആരോപണം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ടൊബാക്ക് പീഡിപ്പിച്ചെന്നാരോപിച്ച് 38 സ്ത്രീകളാണ് പരാതി നല്‍കിയിരിക്കുന്നത്.
ഒരു കാലത്ത് ഭയം മൂലമോ അവസരങ്ങൾ നഷ്ടപ്പെടുമോയെന്ന ഭയത്താലോ പുറത്തു പറയാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. അശ്ലീലം സംസാരിക്കുന്നതും തങ്ങളുടെ മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്യുന്നതിനും ടൊബാക്ക് മടിച്ചിരുന്നില്ലെന്നാണ് ആരോപണം. ഇക്കോ ഡനാന്‍. ടെറി കോണ്‍. ലൂയിസ് പോസ്റ്റ് തുടങ്ങിയ നടിമാരും സംവിധായകനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
പ്രശ്സ്തരാക്കാമെന്നും തന്റെ ചിത്രങ്ങളില്‍ പ്രാധാന്യമുളള റോളുകൾ വാഗ്ദാനം ചെയ്തുമാണ് ടൊബാക്ക് നടിമാരെ പാട്ടിലാക്കിയിരുന്നത്. തന്നോട് സഹകരിക്കാതിരുന്നവരെ ഭീഷണിയുടെ സ്വരം ഉയർത്തിയാണ് ടൊബാക്ക് വശത്താക്കിയിരുന്നത്. അവസരങ്ങൾ നഷ്ടപ്പെടുമെന്ന് പേടിച്ച് പലരും ടൊബാക്കിനോട് സഹകരിക്കാൻ നിർബന്ധിതരായി.
ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് 72 കാരനായ ജയിംസ് ടൊബാക്ക്. പരാതിക്കാരായ സ്ത്രീകളെ ആരെയും താന്‍ കണ്ടിട്ടില്ലെന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഇതാദ്യമായല്ല ടൊബാക്കിനെതിരെ ലൈംഗികാരോപണം ഉണ്ടാകുന്നത്. 1989 ല്‍ സ്‌പൈ മാസികയില്‍ വന്ന ഒരു ലേഖനത്തില്‍ ഇദ്ദേഹത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കാലത്ത് തെരുവില്‍ കാണുന്ന സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടായിരുന്നുമെന്നായിരുന്നു അന്നത്തെ ആരോപണം.
ദി ഗാംബ്ലര്‍ എന്ന ചിത്രത്തിലൂടെയാണ് ടൊബാക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പതിനഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ടൊബാക്ക് ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബഗ്സ് എന്ന ചിത്രത്തിലൂടെ ഓസ്കര്‍ നോമിനേഷനും ടോബാക്ക് നേടിയിട്ടുണ്ട്.