തുടർ പഠനത്തിന് വഴിയൊരുങ്ങിയതിന്റെ ആഹ്ളാദത്തിലും ആശ്വാസത്തിലുമാണ് പോർച്ചുഗലിൽ വിദ്യാർഥിനിയായ റിമ രാജൻ. ഫീസടയ്ക്കാത്തതിനേത്തുടർന്ന് കോഴ്സ് അവസാനിപ്പിച്ച് തിരിച്ചു പോരേണ്ടിവരുമെന്ന ഭീതിയിലായിരുന്നു ഇന്നലെ വരെ റിമ. ഫീസടയ്ക്കാത്തിനാല്‍ പുറത്താക്കുമെന്ന് കാണിച്ച് സര്‍വകലാശാല നോട്ടിസ് നല്‍കിയെന്ന മനോരമ ന്യൂസ് വാർത്തയെത്തുടർന്ന് സർക്കാർ അഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു.
റിമയ്ക്ക് ഈ ദിനം ആശ്വാസത്തിന്റേതാണ്. ഇന്നലെ വരെയുണ്ടായിരുന്ന ആശങ്കകൾ അകന്നിരിക്കുന്നു. സർക്കാർ വാഗ്ദാനം ചെയ്ത ഗ്രാന്റ് ലഭിക്കാഞ്ഞതോടെയാണ് പോർച്ചുഗൽ കൊയിംബ്ര സർവ്വകലാശാല വിദ്യാർഥിനിയായ റിമയുടെ പഠനം വഴിമുട്ടിയത്. എന്നാൽ മനോരമ ന്യൂസിലൂടെ റിമയുടെ അഭ്യർഥന കണ്ട് നിരവധി സുമനസുകൾ സഹായഹസ്തം നീട്ടി. സർക്കാർ അഞ്ചു ലക്ഷം രൂപ അനുവദിച്ച് ഇന്നലെ ഉത്തരവിറക്കിയിരുന്നു. പോർച്ചുഗലിൽ റിമയ്ക്ക് തുകയെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
അടിയന്തര ഇടപെടലാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്കിയിരുന്നു. സർക്കാർ സഹായം സമയത്തിന് ലഭ്യമായില്ലെങ്കിൽ റിമയുടെ തുടർ പഠനത്തിന് വഴിയൊരുക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അറിയിച്ചിട്ടുണ്ട്.