നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസിൽ റിമാൻഡിലായിരുന്ന നടൻ ദിലീപ് ജയിൽ മോചനത്തിൽ പ്രതികരണവുമായി ലാൽ ജോസ്. ‘അങ്ങനെ 85 ദിവസങ്ങൾക്ക് ശേഷം’–ഇങ്ങനെയായിരുന്നു ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. നേരത്തെ ദിലീപ് ചിത്രം രാമലീലയുമായി ബന്ധപ്പെട്ട് ലാൽജോസ് നടത്തിയ പ്രതികരണം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ജനകീയ കോടതിയുടെ വിജയമെന്നായിരുന്നു രാമലീലയുടെ വിജയത്തെക്കുറിച്ച് ലാൽജോസ് പ്രതികരിച്ചത്.
അതേസമയം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതാണ് നടന്റെ ജയിൽ മോചനത്തിന് വഴി തുറന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച മോചന ഉത്തരവ് ആലുവ സബ് ജയിലിൽ എത്തിച്ചു. തുടർന്ന് വൈകിട്ട് അഞ്ചേകാലോടെ ദിലീപ് ജയിൽനിന്ന് പുറത്തിറങ്ങി.