ദിലീപിനു സുരക്ഷയൊരുക്കാൻ രംഗത്തിറങ്ങിയ തണ്ടർ ഫോഴ്സ് സുരക്ഷാ ഏജൻസി, നടൻ ആവശ്യപ്പെടാതെയാണു സുരക്ഷ നൽകാനെത്തിയതെന്നു സൂചന. തൃശൂർ പാലിയേക്കര ടോളിൽ ജീവനക്കാർക്കു സുരക്ഷ ഒരുക്കാനാണ് ആദ്യമായി ഏജൻസി കേരളത്തിലെത്തുന്നത്. ഇതിനായി തൃശൂർ ജില്ലയിൽ ഓഫിസും തുറന്നു.
മുൻ പൊലീസ് കമ്മിഷണർ ഇവരുമായി സഹകരിക്കാൻ തുടങ്ങിയതോടെ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ തയാറെടുക്കുകയായിരുന്നു ഏജൻസി. ദിലീപിനു സുരക്ഷ ഒരുക്കിയതു താരം ആവശ്യപ്പെട്ടിട്ടല്ലെന്നാണ് ഏജൻസിയുമായി ബന്ധമുള്ളവർ പറയുന്നത്. ദിലീപിനു സുരക്ഷ ഒരുക്കുമ്പോൾ ലഭിക്കുന്ന പ്രശസ്തി ഉപയോഗിച്ചു കേരളത്തിലെ ബിസിനസ് വിപുലപ്പെടുത്താനാണു കമ്പനി ഉദ്ദേശിച്ചിരുന്നത്.
സ്ഥാപനത്തിന്റെ ഉടമ നേരിൽ വന്നു താരത്തെ കാണുകയും സുരക്ഷാ ചുമതല നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വലിയ ഒരു നിലവിളക്കും ഇവർ ദിലീപിനു സമ്മാനമായി നൽകി. സുരക്ഷാ ഏജൻസിയിലുള്ള പലരും വിമുക്ത ഭടൻമാരാണ്. ഇവർക്കു തോക്ക് കൈവശം വയ്ക്കാൻ ലൈസൻസുണ്ട്. എന്നാൽ ഇത് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ലൈസൻസാണ്. തോക്ക് ലൈസൻസ് ലഭിക്കാൻ താരതമ്യേന എളുപ്പമുള്ള ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണു പലരും ഇവ സംഘടിപ്പിച്ചിട്ടുള്ളത്. സംഭവം വിവാദമാകുകയും ദിലീപ് വെട്ടിലാകുകയും ചെയ്തതോടെ സുരക്ഷാ ഏജൻസി ഉടമ അനിൽ നായർ ഗോവയിലേക്കു മടങ്ങി.
ഇതിനിടയിൽ നടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ ഗോവയിലുണ്ടായിരുന്നുവെന്നും ഗോവയിലെ സുരക്ഷാ ഏജൻസിയുമായി ഇവർക്കു പരിചയമുണ്ടെന്നുമുള്ള രീതിയിൽ ചില ചാനലുകളിൽ വാർത്ത വന്നത് ഏജൻസിയെ കൂടുതൽ പ്രതിരോധത്തിലാക്കി. ബിജെപി ദക്ഷിണേന്ത്യൻ സെൽ കൺവീനർ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന ആളാണ് അനിൽ നായർ. ഗോവയിൽ എത്തുന്ന മലയാളി പ്രമുഖരുടെ പ്രധാന ആതിഥേയൻ കൂടിയാണ് ഇയാൾ.