ബിജെപി സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ സര്‍ക്കുലർ അയച്ച നടപടിയുമായ ബന്ധപ്പെട്ട് നടന്ന കൗണ്ടർ പോയന്റ് ചർച്ചയെ ചിരിയിൽ മുക്കി ബിജെപി നേതാവ് ജെആർ പത്മകുമാർ.
നമ്മുടെ രാഷ്ട്ര നിർമ്മാണത്തിൽ ദീനദയാല്‍ ഉപാധ്യായ വഹിച്ച പങ്ക് എന്താണെന്നാണ് കേരളത്തിലെ കുട്ടികൾ പഠിക്കേണ്ടത് എന്ന അവതാരികയുടെ ചോദ്യത്തിനുളള മറുപടിയാണ് ചിരിയ്ക്ക് വഴി മാറിയത്. ദീനദയാല്‍ ഉപാധ്യായയുടെ ആശയങ്ങളിൽ നിങ്ങൾക്കുളള എതിർപ്പ് എന്താണ് എന്ന മറുചോദ്യത്തോടെയാണ് ജെആർ പത്മകുമാർ പ്രതികരിച്ചത്. നമ്മുടെ രാഷ്ട്രനിർമ്മാണത്തിൽ കാറൽ മാർക്സ് ചെയ്ത കാര്യങ്ങൾ എന്തായിരുന്നുവെന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു.
മാർക്സിയൻ ഫിലോസഫി ഇവിടെ പഠിക്കുന്നില്ലെന്നില്ലേയെന്നും പത്മകുമാർ ചോദിച്ചു. മറ്റു ആരെയും അധിക്ഷേപിക്കാതെ താങ്കൾക്ക് നേരീട്ട് താങ്കളുടെ രാഷ്ട്രീയ നേതാവിന്റെ പങ്കാളിത്തം എന്താണെന്ന് വിശദീകരിക്കാനുളള അവസരമാണ് താങ്കൾ മുസ്‌ലിം ലീഗിനെയും കാറൽ മാർക്സിനെയും പഴി ചാരി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് അവതാരിക ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
ഭാരതത്തിന്റേതായ ഒരു തത്വസംഹിത ക്രോഡീകരിച്ചയാളാണ് ദീനദയാല്‍ ഉപാധ്യായയെന്നും പത്മകുമാർ പറഞ്ഞു. ഒരു രാജ്യം സ്വതന്ത്രമാകുന്നത് എങ്ങനെയാണ്, ബ്രിട്ടിഷുകാർ ഇവിടെ ഭരിച്ചു. ഇതിനെക്കാൾ നന്നായിട്ട് സോവിയറ്റ് യൂണിയനോ ചൈനയോ ഇവിടെ വന്ന് ഭരിച്ചാൽ എല്ലാവർക്കും സുഖജീവിതം നൽകിയാൽ എല്ലാം സുഗമമാകുമോയെന്നും പത്മകുമാർ ചോദിച്ചു.
സ്വാതന്ത്ര സമരം ചെയ്ത് ഈ രാജ്യത്തിൽ നിന്ന് അവരെ തുരുത്തിയോടിച്ചത് ആരാണ് എന്നായി അവതാരകയുടെ ചോദ്യം. ഇന്ത്യയിലെ ജനങ്ങൾ എന്നായിരുന്നു മറുപടി. അതിനെ ഒറ്റിയത് ആരായെന്നായിരുന്നു പത്മകുമാറിന്റെ മറുചോദ്യം. കമ്യൂണിസ്റ്റുകാർക്ക് സ്വാതന്ത്ര്യ സമരത്തിൽ എന്ത് പങ്കാണ് ഉളളതെന്ന് പത്മകുമാർ തിരിച്ചു ചോദിച്ചു. 1963 ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്ത ഏക രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ സ്വയം സേവക സംഘമാണ് നെഹ്റുവാണ് പങ്കെടുപ്പിച്ചതെന്നും പത്മകുമാർ പറഞ്ഞു.
സ്വാതന്ത്യസമരത്തിൽ പങ്കെടുത്തുവെന്ന കാരണത്താൽ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ച നേതാവ് ഏത് സംഘടനയിലാണ് എന്ന് അവതാരികയുടെ മറുചോദ്യത്തിന് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഇത് ചോദിക്കുന്നതെന്ന് പത്മകുമാർ ചോദിച്ചു.നിങ്ങൾ പറയുന്നതു പോലെ ഒരു തവണയല്ല ആറ് തവണ വി.ഡി. സവർക്കർ മാപ്പ് എഴുതി കൊടുത്തുവെന്നും അത് സവർക്കറുടെ ജീവിതദൗത്യം ബ്രിട്ടിഷുകാർക്കെതിരെ പോരാട്ടമായതിനാലാണെന്നും പത്മകുമാർ വാദിച്ചു. ഓരോ തവണയും മാപ്പ് എഴുതി കൊടുത്തു തിരിച്ചു വന്നിട്ട് അദ്ദേഹം സ്വാതന്ത്യത്തിനു വേണ്ടി പോരാടുകയായിരുന്നുവെന്നും പത്മകുമാർ പറഞ്ഞതോടെ ചിരിയ്ക്ക് വഴി മാറുകയായിരുന്നു.
ബിജെപി സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് സര്‍ക്കുലർ നൽകിയ നടപടി വിവാദമാകുയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലറും നിര്‍ദേശവും നല്‍കിയത്. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരിക്കുന്നു.മന്ത്രിയുടെയും സര്‍ക്കാരിന്‍റെയും അനുമതിയും സര്‍ക്കുലറിനുണ്ട്,ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതം ആസ്പദമാക്കി രചനാമല്‍സരങ്ങള്‍ പ്രഛന്ന വേഷ മത്സരം എന്നിവ സ്കൂളുകളില്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഈ വര്‍ഷത്തെ പ്രഖ്യാപിത അജണ്ടകളിലൊന്നാണ് ദിന്‍ ദയാല്‍ ഉപദ്ധ്യായ ജന്മശതാബ്ദി ആഘോഷം.കേന്ദ്രസര്‍ക്കാര്‍ വിപുലമായ പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്നു.പക്ഷെ കേന്ദ്രനിര്‍ദേശം അതിന്‍റെ രാഷ്ട്രീയം പോലും നോക്കാതെ പാലിക്കാന്‍ തയ്യാറായ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി വിവാദമാവുകയാണ്. കഴിഞ്ഞ ഒാഗസ്റ്റില്‍ വന്ന കേന്ദ്രനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ വിദ്യാഭ്യാസ ഒാഫീസര്‍മാര്‍ക്ക് ഡിപിഐ സര്‍ക്കുലര്‍ നല്‍കിയത്.