ചെന്നൈയില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം നേടിയ രണ്ട് സ്വര്‍ണങ്ങളില്‍ ഒന്ന് ശ്രീജിത്ത്മോന്‍ സമ്മാനിച്ചതാണ്. ട്രിപ്പിള്‍ ജംപിലെ സുവര്‍ണനേട്ടത്തിനുടമ, പക്ഷേ ജീവിതത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ഒരു ജോലിയെന്ന സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കനിയണം.
ദേശീയ അത്‌ലറ്റിക് മീറ്റില്‍ പൊരുതി നേടിയ സ്വര്‍ണത്തിന്‍റെ തിളക്കം ശ്രീജിത്തിന്‍റെ മുഖത്ത് കാണാനില്ല. മുന്നോട്ട് ഒരുപാട് നേടാനുണ്ടെന്ന് പറയുമ്പൊഴും എങ്ങനെ എന്ന ചോദ്യമാണ് മുന്നില്‍. സ്കൂള്‍ മീറ്റുമുതല്‍ കേരളത്തിന്‍റെ അഭിമാനമായിരുന്ന കായിക പ്രതിഭയ്ക്ക് ഒരു ജോലിയാണ് വേണ്ടത്. സ്പോര്‍ട്സ് കോട്ടയിലൂടെയുള്ള നിയമനത്തിന്‍റെ പ്രായപരിധി കഴിഞ്ഞതിനാല്‍ കേന്ദ്ര സര്‍വീസുകളില്‍ കയറാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ മനസുവച്ചാല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴക്കാരനായ ശ്രീജിത്ത്
മത്സരത്തിനിടെ സ്പൈക്ക് കീറിയത് പ്രകടനത്തെ ബാധിച്ചു. പുതിയ സ്പൈക്കിനും ഇനി വഴി കണ്ടെത്തണം. നിലവില്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലാണ് പിന്തുണ.
കഴിഞ്ഞ ജനുവരിയില്‍ നടന്ന ദേശീയ സര്‍വകലാശാല മീറ്റിലും ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയിരുന്നു. മലയാളികള്‍ റെയില്‍വേസിനും സര്‍വീസസിനുമടക്കം മെഡലുകള്‍ നേടിക്കൊടുക്കുമ്പോള്‍ കേരളത്തിന് സ്വര്‍ണം കൊയ്യുന്ന ശ്രീജിത്തിനെ പോലുള്ളവരെ സര്‍ക്കാര്‍ കാണാതിരിക്കരുത്.