കെസിഎ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് ലോധാകമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായെന്ന് ടി.സി.മാത്യു. അഴിമതി ആരോപണങ്ങളെ തുടർന്നാണ് രാജിയെന്ന വാർത്തകൾ തത്പര കക്ഷികളുടെ സൃഷ്ടിയാണെന്ന് ടി.സി.മാത്യു വ്യക്തമാക്കി. നിലവിലെ രാജി ബിസിസിഐ ഭാരവാഹിത്വത്തിന് തിരിച്ചടിയാകുമെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു.
ലോധകമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ ജനുവരിയിൽ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ഓദ്യോഗിക ചുമതലകളെല്ലാം ഒഴിഞ്ഞിരുന്നതായി ടി.സി.മാത്യു വ്യക്തമാക്കുന്നു. കെസിഎയുടെ യോഗങ്ങളിൽ പോലും പിന്നീട് പങ്കെടുത്തിട്ടില്ല. രാജി വാർത്ത ഇപ്പോൾ പുറത്തുവന്നത് ദുരൂഹമാണെന്നും ടി.സി.മാത്യു പറഞ്ഞു.
തുടർച്ചയായ അഴിമതി ആരോപണങ്ങൾക്ക് പിന്നിൽ അധികാരമോഹികളായ ചിലരാണ്. വിജിലൻസ് ഉൾപ്പെടെ അന്വേഷിച്ചിട്ടും ആരോപണങ്ങൾ തെളിയിക്കാനായിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്റെ വളർച്ചയിൽ നിർണായക പങ്കു വഹിക്കാനായതിൽ അഭിമാനമുണ്ടെന് ടി.സി.മാത്യു പറഞ്ഞു. 16 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് കേരളത്തിൽ നിർമിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കൂടി പരിഗണിച്ചാണ് ചുമതലകൾ ഒഴിഞ്ഞതെന്നും ടി.സി.മാത്യു പറഞ്ഞു.