ബെംഗളൂരുവിൽ ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവി തകർത്തത് ഒരുപാടു പ്രതീക്ഷകളെയാണ്. കപ്പിനു ചുണ്ടിനും ഇടയിൽ നഷ്ടമായതാകത്തെ, തുടർച്ചയായ 10 ഏകദിന വിജയങ്ങൾ എന്ന സ്വപ്നനേട്ടവും. മുൻ മൽസരങ്ങളിലെ ടീമിനെ അതേപടി നിലനിർത്തിയിരുന്നെങ്കിൽ തുടർച്ചയായ 10 വിജയങ്ങളുടെ റെക്കോർഡ് എത്തിപ്പിടിക്കാൻ അന്നു ടീം ഇന്ത്യക്ക് സാധിക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരേറെ.
പക്ഷേ, അതിലുപരി ടീം ഇന്ത്യ ലക്ഷ്യംവച്ചത് മറ്റുചിലതൊക്കയാണ്. രണ്ടുവർഷത്തിനപ്പുറം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് കരുത്തുറ്റൊരു ടീമിനെ വാർത്തെടുക്കുക! റിസർവ് ബെഞ്ചിലും പ്ലേയിങ് ഇലവനിലുമുള്ള കളിക്കാരെ ലോകകപ്പിനായി ഒരുപോലെ സജ്ജരാക്കുക. വരാനിരിക്കുന്ന ന്യൂസീലൻഡ്, ശ്രീലങ്കൻ പരമ്പരകളിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ടീം ഇന്ത്യയുടെ പരീക്ഷണങ്ങൾ ‘കമ്പനി’ കാണാനിരിക്കുന്നതെയുള്ളൂവെന്ന് ചുരുക്കം!
ബാറ്റിങ് പവർഹൗസ്
ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ‘പരീക്ഷണവസ്തു’വായത് ഹാർദിക് പാണ്ഡ്യയായിരുന്നു. നാലാമതിറങ്ങി നങ്കൂരമിടാൻ കിട്ടിയ അവസരം പാണ്ഡ്യ നന്നായിതന്നെ ഉപയോഗിച്ചു. ഹാർഡ് ഹിറ്ററായ പാണ്ഡ്യയെ നാലാം നമ്പറിൽ തുടർച്ചയായി ഇറക്കുന്നതിനെക്കുറിച്ച് പക്ഷേ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു. ഫിനിഷർ റോളിലേക്കു ഹാർദിക്കിനെ മാറ്റി പകരം ധോണിയെ നാലാമതോ അഞ്ചാമതോ കളിപ്പിക്കളമെന്നും വാദങ്ങൾ ഉയരുന്നുണ്ട്.
ഓപ്പണിങ്ങിൽ രോഹിത് ശർമയും ശിഖർ ധവാനും നിലവിലെ സാഹചര്യത്തിൽ കാര്യമായ വെല്ലുവിളികളില്ല. ഇവർ നല്ല തുടക്കം നൽകിയാൽ അതേപടി മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യൻ മധ്യനിരയ്ക്കു കഴിയുന്നുണ്ട്. പക്ഷേ ഓപ്പണിങ് പരാജയപ്പെട്ടാൽ ആ സമ്മർദം താങ്ങാനുള്ള കരുത്ത് മധ്യനിര ഇനിയും ആർജിച്ചിട്ടില്ലെന്ന് ഓസീസിനെതിരായ രണ്ടാം ട്വന്റി20യിലെയും നാലാം ഏകദിനത്തിലെയും പ്രകടനങ്ങൾ വരച്ചിടുന്നു.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മധ്യനിര ഒന്നാകെ പരീക്ഷിക്കപ്പെട്ടിരുന്നു. ഓരോ മൽസരത്തിലും താരങ്ങൾ കളിക്കാനിറങ്ങിയത് ഓരോ പൊസിഷനിലാണ്. കെ.എൽ.രാഹുൽ മൂന്നാമനായും നാലാമനായും അഞ്ചാമനായും ബാറ്റിങ്ങിനിറങ്ങി. കോഹ്‌ലി ബാറ്റിങ്ങ് ഓർഡറിൽ അഞ്ചാമതേക്കിറങ്ങുന്നതിനും പരമ്പര സാക്ഷ്യം വഹിച്ചു. അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവരും മധ്യനിര ബാറ്റിങ് ഓർഡറിൽ പരീക്ഷപ്പെട്ടു.
ആരെ തള്ളും, ആരെ കൊള്ളും
ആർ.അശ്വിൻ, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങൾക്കു വിശ്രമം നൽകിയാണ് ഇന്ത്യൻ ടീം പതുമുഖങ്ങൾക്ക് അവസരം നൽകിയത്. അതുപക്ഷേ, ഇത്ര ‘കുരുക്കാകുമെന്ന്’ ടീം മാനേജ്മെന്റ് കരുതിയില്ല. ലോകകപ്പിനു മുന്നോടിയായി പുതിയ ബോളർമാർക്ക് അവസരം നൽകാൻ എടുത്ത തീരുമാനം ടീമിനെ എത്തിച്ചിരിക്കുന്നത് വലിയ ആശയക്കുഴപ്പത്തിലാണ്. ആരെ തള്ളും ആരെ കൊള്ളും എന്നു ടീം മാനേജ്മെന്റ് തലപുകയ്ക്കുമ്പോൾ ഒരു കാര്യമുറപ്പ്; തീരുമാനമെടുക്കും മുൻപ് മൂന്നും നാലും തവണ ആലോചിക്കണ്ടി വരും.
ഒന്നിനൊന്നു മികച്ച പ്രകടനമാണ് കുൽദീപ് യാദവും, യുസ്‍വേന്ദ്ര ചാഹലും, ജസ്പ്രീത് ബുംറയും, അക്സർ പട്ടേലും നടത്തിയത്. ഭുവനേശ്വർ കുമാറും കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. യുവതാരങ്ങൾക്കു കൂടുതൽ മൽസരപരിചയം നൽകി കരുത്തുറ്റ ബോളിങ് ഡിപ്പാർട്ട്മെന്റിനെ തന്നെ ലോകകപ്പിനൊരുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
ടൂർണമെന്റുകളിൽ അടിപതറുന്നുവോ?
പ്രധാന ടൂർണമെന്റുകളിലെ നോക്കൗട്ട് മൽസരങ്ങളിൽ അടിപതറുന്ന ടീമെന്ന ഖ്യാതി ദക്ഷിണാഫ്രിക്കൻ ടീമിന്റെ സ്വന്തമായിരുന്നു. എന്നാൽ അടുത്ത കാലത്തെ ടൂർണമെന്റുകളിലെ കണക്കുകൾ ടീം ഇന്ത്യയെയും പേടിപ്പെടുത്തുന്നതാണ്. 2014നു ശേഷം നാലു പ്രധാന ടൂർണമെന്റുകളിലാണ് ടീം ഇന്ത്യ അവസാനനിമിഷം കപ്പുടച്ചത്. 2015ൽ നടന്ന ഏകദിന ലോകകപ്പിലും 2016ൽ നടന്ന ട്വന്റി20 ലോകകപ്പിലും ഇന്ത്യൻ ടീം സെമിഫൈനലിൽ തോറ്റുമടങ്ങി. 2014ൽ നടന്ന ട്വന്റി20 ലോകകപ്പിലും 2017ൽ നടന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലും ഫൈനലുകളിലാണ് പരാജയം രുചിച്ചത്.
മികച്ച താരനിരയുണ്ടായിട്ടും വലിയ മൽസരങ്ങളിലെ സമ്മർദങ്ങൾ അതിജീവിക്കാൻ കഴിയാതെവരുന്നുവെന്ന അവസ്ഥ മാറ്റുകയാണ് ടീം ഇത്തവണ ലക്ഷ്യം വച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായാണ് യുവതാരങ്ങൾക്കടക്കം കൂടുതൽ മൽസരപരിചയം നൽകുന്നത്.
ലോകകപ്പിനു മുന്നോടിയായി ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസിലാക്കുന്നതിന് ടീം ഇന്ത്യ അടുത്തവർഷം (2018) ഇംഗ്ലണ്ട് പര്യടനവും നടത്തുന്നുണ്ട്. മൂന്നു ട്വന്റി20 മൽസരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടെസ്റ്റ് മൽസരങ്ങളുമടങ്ങുന്ന പര്യടനത്തിനാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നത്. കപിലിന്റെ ചെകുത്താൻമാരെപോലെ ലോർഡ്സിന്റെ മണ്ണിൽ കപ്പുയർത്തുക എന്നതിൽ കുറഞ്ഞൊരു ലക്ഷ്യവും ടീം ഇന്ത്യയ്ക്കില്ല.