മൂന്നു ദിവസത്തിനുള്ളിൽ ഒരു നഗരത്തിൽ നിന്നും നാനൂറിലേറെ പേർ ജീവനും കൊണ്ടോടുക. അതും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണത്തിൽ വിശ്വസിച്ച് . പറഞ്ഞു വരുന്നത് ഉത്തരേന്ത്യയിൽ നടന്ന സംഭവങ്ങള കുറിച്ചല്ല. സൽക്കാരങ്ങൾക്ക് പേരുകേട്ട കോഴിക്കോട് നിന്നാണ്. ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ബംഗാളികളാണ് ജീവനും കൊണ്ട് നാടുവിടുന്നത്. കോഴിക്കോട് നഗരത്തിൽ പ്രത്യേകിച്ച് മിഠായിത്തെരുവിൽ ബംഗാളികളെ തിരഞ്ഞ് പിടിച്ച് െവട്ടിക്കൊല്ലുന്നുവെന്നാണ് വാട്സ് ആപ്പുകളിലൂടെ പ്രചരിക്കുന്നത്. ആരാണ് ഈ വിദ്വേഷ പ്രചരണത്തിന് പിന്നിൽ .
ബീച്ചിന് സമീപത്തെ ഹോട്ടലിലെ തൊഴിലാളി ആത്മഹത്യ കൊലപാതകമോ?
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ബീച്ചിന് സമീപമുള്ള ഹോട്ടലിലെ ബംഗാളി തൊഴിലാളി കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്തിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് ഇതേ ഹോട്ടലിൽ ജോലി ചെയ്യുന്ന ഇയാളുടെ സഹോദരൻ പൊലീസിന് മൊഴിനൽകുകയും ചെയ്തിരുന്നു.
മൃതദേഹം ബംഗാളിലെത്തിച്ച് സംസ്കരിക്കാനടക്കമുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചത് ഹോട്ടലുടമയായിരുന്നു. ഈ മരണത്തോടെയാണ് മിഠായി െതരുവിൽ ബംഗാളികളെ തിരഞ്ഞ് പിടിച്ച് വെട്ടിക്കൊല്ലുന്നുവെന്ന പ്രചാരണം തുടങ്ങിയത്. വാടസ് ആപ്പ് ഗ്രൂപ്പുകളിൽ ആദ്യം ശബ്ദ സന്ദേശമായി തുടങ്ങിയ പ്രചാരണത്തെ ബംഗാളികൾ തന്നെ പൊളിച്ചടുക്കിയപ്പോൾ പിന്നെ ഫോട്ടോ വെച്ചായി പ്രചാരണം. കൃത്യമായ ആസൂത്രണത്തോടെ , സംശയങ്ങൾക്കിട നൽകാത്ത തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. പ്രചാരണം തീകാറ്റായതോടെ പലായനം ആരംഭിച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദം സഹിക്കാനാവതെയാണ് മടങ്ങുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്
ഹോട്ടലുകളിൽ നരകയാതന .....
മറ്റു തൊഴിലിടങ്ങളെ അപേക്ഷിച്ച് ഹോട്ടലുകൾ ഇതര സംസ്ഥാനക്കാർക്ക് സ്വർഗമാണെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. മെച്ചപ്പെട്ട താമസ സൗകര്യം. ഭക്ഷണം, ഹെൽത്ത് കാർഡ് അടക്കമുള്ള ആരോഗ്യ സുരക്ഷ സംവിധാനങ്ങൾ, വൃത്തിയുള്ള തൊഴിലിടങ്ങൾ എന്നിവ ഹോട്ടലുകളിൽ മാത്രമേ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലഭിക്കുന്നുള്ളൊവെന്നാണ് വാദം. ഹോട്ടലുകളിൽ പണിയെടുക്കുന്ന ഇതര സംസ്ഥാനക്കാരും ഇക്കാര്യം അംഗീകരിക്കുന്നു. മലയാളികളുമായി ഏറ്റവും സ്നേഹത്തോടെ ജോലി ചെയ്യാൻ കഴിയുന്നത് ഹോട്ടലുകളാണെന്നാണ് ഇതര സംസ്ഥാനക്കാർ പറയുന്നത്.
പ്രചാരണത്തിന് പിന്നിൽ സംഘപരിവാർ
ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതങ്ങളുടെ അടക്കമുള്ള ഫോട്ടോകൾ വച്ചുള്ള പ്രചാരണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. കേരളത്തെ താറടിച്ച് കാണിക്കാൻ ദേശീയ തലത്തിൽ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രചാരണമെന്ന് വാദിക്കുന്നവരും കുറവല്ല. ബി. ജെ.പി ദേശീയ അധ്യക്ഷൻ കേരളത്തിലെത്തിയ ദിവസം തന്നെയാണ് വിദ്വേഷ പ്രചാരണം തുടങ്ങിയതെന്ന് ഇക്കൂട്ടർ ചൂണ്ടികാണിക്കുന്നു. സംഘപരിവാർ അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇക്കാര്യം വലിയ തോതിൽ പ്രചരിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടികാണിക്കുന്നു. ഹോട്ടലുടമകൾ ഇതുവരെ ഇങ്ങിനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല. പക്ഷേ കേരളത്തിന് പുറത്ത് നിന്നാണ് പ്രചാരണം തുടങ്ങിയതെന്ന് വ്യക്തമായി പറയുന്നുമുണ്ട്.
പൊലീസിന്റെ പേടി
പ്രചാരണം ശക്തമാകുന്നതോടെ പശ്ചിമ ബംഗാളിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയും വലിയ ചോദ്യ ചിഹ്നമാകുകയാണ്.ആക്രമിക്കപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണംതുടങ്ങിയിട്ടുണ്ട്.