തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ കാൻസർ വാർഡിലാണ് ഞങ്ങൾ വർക്കല സ്വദേശിനി ബിന്ദുവിനെ കണ്ടത്. അവസാനഘട്ടത്തിലെത്തിയ സ്തനാർബുദം അവരെ വല്ലാതെ തളർത്തിയിരിക്കുന്നു. മൂന്നുവർഷം മുമ്പ് മാറിൽ ചെറിയൊരു തടിപ്പുമായി സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറിനു സംശയം. അർബുദത്തിന്റ തുടക്കമാകാം. കൂടുതൽ പരിശോധനകൾ നടത്തണം. മൂത്തമകൾ അന്ന് അഞ്ചാം ക്ളാസിലാണ്. ഇളയമകന് നാല് വയസ്. ഭർത്താവിന്റെ അച്ഛൻ മരിച്ചതും കാൻസർ ബാധിച്ച്.
അച്ഛന്റെ ചികിൽസയ്ക്കായി ആകെയുണ്ടായിരുന്ന കിടപ്പാടം പോലും നഷ്ടപ്പെട്ടു. കൂലിപ്പണിക്കാരനായ ഭർത്താവിന്റെ വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടി മുട്ടിക്കാനാത്ത അവസ്ഥ. ബിന്ദു ഡോക്ടറോട് ഒന്നും പറയാതെ ആശുപത്രിയുടെ പരിസരം വിട്ടു. ഒറ്റമുറി വാടക വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ഡോക്ടർ പറഞ്ഞതൊക്കെയും ബിന്ദു മനപൂർവ്വം മറന്നു കളഞ്ഞു. പിന്നീട് എപ്പൊഴോ വേദന പതിയെ കൂട്ടിനെത്തി. ഒടുവിൽ മാറിൽ നിന്ന് രക്തമൊലിക്കുന്ന അവസ്ഥയെത്തിയപ്പോഴാണ് വീണ്ടും ഡോക്ടറെ കാണാനെത്തിയത്. വീര്യം കൂടിയ മരുന്നുകളിൽ വേദന മറക്കുന്ന അവർ ആശുപത്രിയ്ക്കും വാടകവീടിനുമിടയിലുള്ള പതിവു യാത്രകൾക്കിടെ ഭർത്താവിന്റേയും കുഞ്ഞുങ്ങളുടേയും കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു.
ബിന്ദുവിന്റെ കഥ കേട്ട് മനസു മരവിച്ചു പുറത്തിറങ്ങുമ്പോൾ റേഡിയേഷൻ മുറിക്കു പുറത്ത് വൽസല ഇരിപ്പുണ്ടായിരുന്നു. തൊട്ടടുത്ത് എൻജിനീറിങിനു പഠിക്കുന്ന മകനുമുണ്ട്. മകൻ പ്ളസ്ടുവിന് പഠിക്കുമ്പോഴായിരുന്നു വൽസലയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്കും മറ്റുമായി ആശുപത്രിയിൽ കിടക്കേണ്ടി വരും. താൻ കിടന്നു പോയാൽ മകന്റെ പഠിത്തം മുടങ്ങുമോ? അവനാര് ആഹാരമുണ്ടാക്കിക്കൊടുക്കും? മനസു വിഷമിക്കുമോ? ആ അമ്മ മനസിന്റെ തേങ്ങലുകൾ അതൊക്കെയായിരുന്നു. പിന്നെ മകന്റെ പ്ളസ്ടു പരീക്ഷ കഴിഞ്ഞിട്ടു ചികിൽസിക്കാമെന്നുവച്ചു. അവന് എൻജിനീറിങ്ങിനു അഡ്മിഷൻ എടുത്തതിന്റെ സന്തോഷവുമായി ഡോക്ടറെ കാണാനെത്തി. പക്ഷേ അപ്പോഴേയ്ക്കും അർബുദം പിടിമുറുക്കിക്കഴിഞ്ഞിരുന്നു. അമ്മ ആഗ്രഹിച്ചത് മകന്റെ വിജയമായിരുന്നെങ്കിൽ അതേ മകനിപ്പോൾ പഠിത്തം മുടങ്ങി ആശുപത്രി വരാന്തയിൽ അമ്മയ്ക്ക് കൂട്ടിരിക്കുകയാണ്.
തൊട്ടപ്പുറത്തെ വാർഡിൽ എല്ലും തോലുമായ മറ്റൊരു യുവതിയേയും കണ്ടു. ആതുര സേവനത്തിലൂടെ ഒരുപാടു പേരുടെ കണ്ണീരൊപ്പിയ എം എസ് സി നഴ്സ്, ബീന. മുപ്പത്തിനാലു വയസേ ഉള്ളൂവെങ്കിലും അമ്പതിനു മേലെ തോന്നും. ബിന്ദുവും വൽസലയും സ്വയം ചികിൽസ നിഷേധിച്ചതാണെങ്കിൽ ബീനയെ ഈ അവസ്ഥയിലെത്തിച്ചത് ബന്ധുക്കളാണ്. വിവാഹത്തിന്റ ആദ്യനാളുകളിൽ തന്നെ രോഗം സ്ഥിരീകരിച്ചു. ഭർത്താവ് ഉപേക്ഷിച്ചു. സ്വന്തം വീട്ടുകാർ നോക്കുമെന്നു കരുതിയെങ്കിലും ആങ്ങളമാരും കൈവിട്ടു. ആശുപത്രി രേഖകളിൽ ഒപ്പിടാൻ പോലും ആരുമില്ലാതെ പലവട്ടം ചികിൽസ മുടങ്ങി. 55000 രൂപ ശമ്പളമുണ്ടായിരുന്ന അവർക്കിപ്പോൾ ആഹാരത്തിനും മരുന്നിനുമൊക്കെ കൈനീട്ടണം. മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ കാരുണ്യത്തിലാണ് ജീവിതം.
മനോരമ ന്യൂസ് ജനകീയ ദൗത്യം കേരള കാനിന്റെ ഭാഗമായുള്ള അന്വേഷണങ്ങളിൽ കണ്ടുമുട്ടിയ ഒരുപാട് സ്ത്രീകൾക്ക് സ്വയമോ അല്ലാതെയോ ഉള്ള ഇത്തരം ചികിൽസ നിഷേധിക്കലുകളുടെ കഥകൾ പറയാനുണ്ടായിരുന്നു. അർബുദ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ പോലും ചികിൽസതേടാത്ത സ്ത്രീകളുടെ എണ്ണം വലിയ ആശങ്ക ഉയർത്തുന്നുണ്ട്. തിരുവനന്തപുരം ആർ സി സി യിലെ കണക്കനുസരിച്ച് അറുപതു ശതമാനം സ്ത്രീരോഗികളും ചികിൽസ തേടുന്നത് അർബുദം സങ്കീർണ്ണമാകുമ്പോൾ മാത്രമാണ്.
ആദ്യ ഘട്ടത്തിലെ കണ്ടെത്തി കൃത്യമായ ചികിൽസ സ്വീകരിച്ചാൽ തൊണ്ണൂറ് ശതമാനം കാൻസറുകളും ഭേദമാക്കാം. രണ്ടാം ഘട്ടത്തിൽ അറുപതു ശതമാനവും മൂന്നാം ഘട്ടത്തിൽ ഇരുപത്തഞ്ച് ശതമാനവും രോഗങ്ങളും സുഖമാകും. അവസാന ഘട്ടത്തിൽ പക്ഷേ അഞ്ചു ശതമാനം മാത്രമാണ് സാധ്യത. നമ്മുടെ സ്ത്രീകൾ ചികിൽസ തേടുന്നത് മൂന്നാമത്തേയോ നാലാമത്തേയോ ഘട്ടങ്ങളിലെത്തിയിട്ടു മാത്രമാണ്.
മകന്റെ പഠനമോർത്ത്, മകളുടെ വിവാഹത്തേക്കരുതി, ഭർത്താവിന് ഇഷ്ടക്കേടാകുമോ എന്നു ഭയന്ന് കുടുംബത്തിനെ ബുദ്ധിമുട്ടിക്കേണ്ട എന്നു വിചാരിച്ച് ഒക്കെ ചികിൽസ സ്വയം നിഷേധിക്കുന്നവർ ഓർക്കുന്നില്ല. ചികിൽസയുടെ നാളുകളിലും കീഴടങ്ങലിന്റെയും പിൻവാങ്ങലിന്റെയും ശിഷ്ടകാലവും ഉറ്റവർക്ക് സമ്മാനിക്കുന്നത് തീരാദുഖമാണെന്ന്്.
(((വ്യക്തികളുടെ സ്വകാര്യത സൂക്ഷിക്കാൻ ഈ കുറിപ്പിലുപയോഗിച്ചിരിക്കുന്ന പേരുകൾ സാങ്കല്പികമാണ്.)))