വീട്ടിൽ തൂക്കിയിട്ടിരുന്ന പഴയ ഷർട്ടിന്റെ പോക്കറ്റിൽ തന്റെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്ന സമ്മാനം ഒളിഞ്ഞിരിക്കുന്നത് ന്യൂജഴ്സിയിലെ ജിമ്മി സ്മിത്ത് എന്ന 68കാരൻ തിരിച്ചറിയാൻ രണ്ടു ദിവസം കൂടി വൈകിയിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. ന്യൂയോർക്ക് ലോട്ടറിയിലെ സമ്മാനമായ 24.1 മില്യൺ യുഎസ് ഡോളറിന്റെ(ഏതാണ്ട് 156 കോടി ഇന്ത്യൻ രൂപ) ലോട്ടറി ടിക്കറ്റായിരുന്നു സ്മിത്തിന്റെ ഷർട്ടിൽ. രണ്ടു ദിവസം കൂടി വൈകിയിരുന്നെങ്കിൽ ലോട്ടറി സമർപ്പിക്കുന്നതിന്റെ അവസാന തിയതി കഴിയുമായിരുന്നു. അങ്ങനെ സംഭവിച്ചാൽ, ഇത്രയും വലിയ തുക അദ്ദേഹത്തിന് നഷ്ടപ്പെടുമായിരുന്നു.
ഭാഗ്യം വന്ന വഴി
ലോട്ടറി എടുക്കുന്നത് സ്ഥിരമാക്കിയിരുന്ന സ്മിത്തിന് 2016 മേയ് 25ന് നറുക്കെടുത്ത ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്. എന്നാൽ, സമ്മാനം നേടിയ കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. ലോട്ടറി ടിക്കറ്റ് ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നുവെന്ന കാര്യം സ്മിത്ത് മറന്നു. സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് ന്യൂയോർക്ക് സിറ്റിയിലാണെന്ന് വ്യക്തമായിരുന്നു. എന്നാൽ ആർക്കാണ് ഇത് ലഭിച്ചതെന്ന് ന്യൂയോർക്ക് ഗെയിമിങ് കമ്മിഷനും അറിയാൻ സാധിച്ചില്ല. ഒടുവിൽ സമ്മാനം നേടിയ ആളെ കണ്ടെത്തുന്നതിന് പ്രത്യേകം സന്ദേശം പുറപ്പെടുവിച്ചു. ലോട്ടറി എടുത്തവർ അവരുടെ ടിക്കറ്റുകൾ പരിശോധിക്കണമെന്നും സമ്മാനാർഹമായ ടിക്കറ്റ് കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു സന്ദേശം. ഈ സന്ദേശം കേട്ടതിനെ തുടർന്നാണ് സ്മിത്ത് തന്റെ ടിക്കറ്റ് തിരഞ്ഞത്.
ഞെട്ടൽ മാറാതെ സ്മിത്ത്
വീട്ടിൽ പലയിടത്തും ടിക്കറ്റ് തിരഞ്ഞ സ്മിത്ത് ഒടുവിലാണ് തന്റെ ഷർട്ടിന്റെ പോക്കറ്റ് നോക്കിയത്. ഒരുപാട് കടലാസുകൾക്കൊപ്പം ആ ഭാഗ്യടിക്കറ്റും പോക്കറ്റിൽ. 2017 മേയ് 23നാണ് സ്മിത്ത് ടിക്കറ്റ് ഏൽപ്പിച്ചത്. ആവശ്യമായ പരിശോധനകൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് സ്മിത്ത് തന്നെയാണ് വിജയി എന്ന കാര്യം ലോട്ടറി ടിക്കറ്റ് അധികൃതർ സ്ഥിരീകരിച്ചത്. മേയ് 25 ആണ് ടിക്കറ്റ് സമർപ്പിക്കേണ്ടേയിരുന്ന അവസാന തിയതി. സെക്യൂരിറ്റി ഒാഫിസറായി വിരമിച്ച ആളാണ് സ്മിത്ത്. ടിക്കറ്റ് നോക്കി സമ്മാനം തനിക്കു തന്നെയാണെന്ന് ഉറപ്പിച്ചപ്പോൾ ആദ്യം ഞെട്ടിയെന്ന് സ്മിത്ത് പറഞ്ഞു. പിന്നെ ദീർഘശ്വാസമെടുത്ത് ആശ്വസിച്ചു. നടന്നത് സത്യമാണെന്ന് ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മക്കളുടെ പിതാവും 12 വയസുകാരന്റെ മുത്തഛനുമാണ് സ്മിത്ത്. പണം എന്തു ചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.