പരസ്പരവിശ്വാസവും സത്യസന്ധതയും ഒത്തുചേർന്നുപ്പോൾ നിർമാണതൊഴിലാളിക്ക് ലഭിച്ചത് കേരള ലോട്ടറിയുടെ അറുപത്തിയഞ്ച് ലക്ഷത്തിന്റെ ഒന്നാംസമ്മാനം. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ ലോട്ടറി വിൽപനക്കാരൻ എം.രമേശനും നിർമാണ തൊഴിലാളി പി.വിജേഷുമാണ് സമൂഹത്തിന് മാതൃകയാകുന്നത്.
രമേശനും വിജേഷും പരസ്പരം കണ്ടുമുട്ടുന്നത് വളരെ അപൂർവമാണ്. പക്ഷേ ടിക്കറ്റുകൾ ബാക്കിവന്നാൽ രമേശൻ വിജേഷിനെ വിളിക്കും. ടിക്കറ്റുകൾ നേരിട്ട് വിജേഷ് വാങ്ങില്ലെങ്കിലും ജോലി കഴിഞ്ഞ് മടങ്ങുംവഴി ഏജൻസിയില്‍ പണം ഏൽപിക്കാറാണ് പതിവ്. അങ്ങനെ കഴിഞ്ഞദിവസം നൽകിയ ടിക്കറ്റിനാണ് അറുപത്തിയഞ്ച് ലക്ഷത്തിന്റെ ഒന്നാംസമ്മാനം ലഭിച്ചത്. ഇത് മാറ്റിവയ്ക്കാമായിരുന്നെങ്കിലും ബാക്കിവരുന്ന ടിക്കറ്റുകൾ വാങ്ങി സഹായിക്കുന്ന വിജേഷിനെ പറ്റിക്കാൻ മനസുവന്നില്ലെന്ന് രമേശൻ പറയുന്നു.
രമേശന്റെ സത്യസന്ധതയ്ക്ക് മുൻപിൽ ഇല്ലാതായത് നിര്‍മാണതൊഴിലാളിയായ വിജേഷിന്റെ സാമ്പത്തിക ബാധ്യതകളാണ്. ഒന്നാംസമ്മാനം ലഭിച്ചെങ്കിലും ഇനിയും ബാക്കിവരുന്ന ടിക്കറ്റുകൾ വാങ്ങുന്നത് തുടരുമെന്ന് വിജേഷ് പറയുന്നു.