ഹര്‍ത്താല്‍ ഭാഗ്യം കൊണ്ടുവന്ന കഥയാണ് ആലുവയിലെ ലോട്ടറി ഏജന്റ് സന്തോഷിന്റേത്. ഹര്‍ത്താല്‍ മൂലം വില്‍ക്കാന്‍ പറ്റാതെ പോയ ലോട്ടറി ടിക്കറ്റിനാണ് 60 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.
ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടത്തിന്റേയും ദുരിതത്തിന്റേയും കഥ എല്ലാവര്‍ക്കും പറയാനുണ്ടാവും. ആലുവ സ്വദേശി സന്തോഷിന്റെ ഹര്‍ത്താല്‍ ദിനവും വ്യത്യസ്തമായിരുന്നില്ല. ഹര്‍ത്താലില്‍ ലോട്ടറി ടിക്കറ്റുകള്‍ അധികമൊന്നും വില്‍ക്കാന്‍ കഴിഞ്ഞില്ല. പതിനേഴിന് നറുക്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ശ്രീശക്തി ലോട്ടറിയുടെ നാല്‍പതോളം ടിക്കറ്റുകള്‍ ബാക്കിയായി. ഹര്‍ത്താലിനെ കുറ്റംപറഞ്ഞ് സമയം കളയുന്നതിനിടെയാണ് ഭാഗ്യവാര്‍ത്ത സന്തോഷിനെ തേടിയെത്തിയത്. ഏറെ നാളുകളായി വിവിധ രോഗങ്ങള്‍ അലട്ടുന്ന തനിക്കും ഭാര്യക്കും ദൈവം തന്ന സമ്മാനമാണിതെന്ന് സന്തോഷ് പറയുന്നു.
നാട്ടുകാരുടെ സഹായത്താലാണ് സന്തോഷിന്റേയും ഭാര്യയുടേയും ചികില്‍സാച്ചെലവ് കണ്ടെത്തിയിരുന്നത്. ചികില്‍സയ്ക്കൊപ്പം തന്റെ രണ്ടുമക്കളുടെ വിദ്യാഭ്യാസത്തിനും സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും സമ്മാനത്തുക വിനിയോഗിക്കാനാണ് സന്തോഷിന്റെ തീരുമാനം.