കോട്ടയം∙ ലോട്ടറിയടിക്കാനും നമ്പരോ? ഉണ്ട്. അങ്ങനെയും ഒരു നമ്പരുണ്ട്. ഒന്നല്ല, ഒരുപിടി നമ്പരുകളുണ്ട്. സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ടിക്കറ്റിന്റെയും ഏറ്റവും വിലമതിപ്പുള്ള സമ്മാനത്തിന്റെയും നറുക്കെടുപ്പു വാർത്തകൾ തരംഗം സൃഷ്ടിക്കുന്നതിനിടെയാണു ഭാഗ്യാന്വേഷികളുടെ ശ്രദ്ധ കവർന്ന് അത്തരം ചില ‘നമ്പരുകൾ’ ശ്രദ്ധ നേടുന്നത്.
10 കോടി രൂപ ഒന്നാം സമ്മാനവുമായെത്തിയ തിരുവോണം ബംപറിന്റെ നറുക്കെടുപ്പു കഴിഞ്ഞതോടെ ഇത്തരം നമ്പരുകൾക്കായി നെട്ടോട്ടമാണ്. ഒന്നാം സമ്മാനമായി 10 കോടി രൂപ പ്രഖ്യാപിച്ചതുമുതൽ സ്വപ്ന പല്ലക്കിലേറി നടന്നിരുന്ന ഭാഗ്യാന്വേഷികൾ നറുക്കെടുപ്പു ഫലം പുറത്തുവന്നതോടെ തൽക്കാലത്തേക്കു നിലത്തിറങ്ങിക്കഴിഞ്ഞു. നാലരക്കോടിയുടെ പൂജാ ബംപർ പ്രഖ്യാപിച്ചതോടെ ഈ ഭാഗ്യാന്വേഷികളെല്ലാം ഇപ്പോൾ പുതിയൊരു അന്വേഷണത്തിലാണ്: സത്യത്തിൽ ഈ ഭാഗ്യം വരുന്ന വഴി ഏതാണ്?
ഭാഗ്യ നമ്പരും ലക്കി ജില്ലകളും
‘നാളെയാണ് നാളെ’ എന്ന ലോട്ടറിക്കാരന്റെ പതിവു പല്ലവിപോലെ ‘നാളെ നാളെ നീളെ നീളെ’ എന്ന തരത്തിൽ ഭാഗ്യം അകന്നു നിൽക്കുന്നവർക്കു പരീക്ഷിക്കാൻ ചില ‘ലോട്ടറി പൊടിക്കൈ’കള്‍ പങ്കുവയ്ക്കുകയാണ് ഒരു സ്വതന്ത്ര അനലിറ്റിക്കൽ സൈറ്റ്. ഭാഗ്യം വരുന്ന ഈ വഴി ജില്ലാടിസ്ഥാനത്തിൽ വേണ്ടവർക്ക് അങ്ങനെയും നമ്പർ തിരിച്ചു വേണ്ടവർക്ക് അതനുസരിച്ചും ലഭ്യമാണെന്നതാണ് ഈ പൊടിക്കൈയുടെ പ്രത്യേകത.