അമേരിക്കയിലെ റിച്ചാര്‍ഡ്സന്‍ പട്ടണം ഒരു വന്‍ തിരച്ചിലിന് സാക്ഷ്യം വഹിക്കുകയാണ്. പൊലീസ് മാത്രമല്ല, നാട്ടുകാര്‍ ഒന്നുചേര്‍ന്നുള്ള അന്വേഷണം. പോസ്റ്ററുകളും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കും പുറമെ സംഘം ചേര്‍ന്നുള്ള തിരച്ചിലും. എല്ലാം മലയാളി ദമ്പതികളുടെ വളര്‍ത്തുമകളായ മൂന്നുവയസുകാരി ഷെറിനു വേണ്ടി
ഈ കുട്ടിയെ ഇപ്പോള്‍ ഒരു സമൂഹം നെഞ്ചിലേറ്റിയിരിക്കുകയാണ്. അവള്‍ എവിടെയെന്നറിയാതെ അവരുടെ നെഞ്ചിലെ തീയടങ്ങില്ല. ഫൈന്‍ഡ് ഷെറിന്‍ മാത്യൂസ് എന്ന ഫെയ്സ്ബുക് പേജ്, സ്വന്തം പണം മുടക്കിയുള്ള പോസ്റ്ററുകള്‍ എന്നിങ്ങനെ. 150 പോസ്റ്ററുകള്‍ അച്ചടിക്കാന്‍ ചെന്ന റാന്യ റഹിമിന് 250 ഡോളര്‍ മുടക്ക് വരുന്ന ജോലി ഫെഡെക്സ് സൗജന്യമായി ചെയ്തു കൊടുത്തു. മരിയ ഗുര്വേരെ എന്ന മാധ്യമപ്രവര്‍ത്തക ഫെയ്സ്ബുക് ലൈവുമായി തല്‍സമയം വിവരങ്ങള്‍ നല്കുന്നു.
പാല് കുടിക്കാത്തതിന് ശിക്ഷമായി ഷെറിനെ അവസാനം നിര്‍ത്തിയതെന്ന് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് പറയുന്ന മരം ഇപ്പോള്‍ ഒരു സ്മാരകമായി മാറിയിരിക്കുകയാണ്. പാവക്കുട്ടികളും കാര്‍ഡുകളും മാത്രമല്ല പാല്‍ക്കുപ്പികള്‍ വരെ ഇവിടെ കാണാം. ഇതിനു പുറമെയാണ് ഒമാര്‍ സിദ്ദിഖിയെപ്പോലുള്ള നാട്ടുകാര്‍ നടത്തുന്ന തിരച്ചില്‍. അതും നായ്ക്കളുമായി. സമീപത്തെ ഒരു സെമിത്തേരിയില്‍ വരെ ഇവര്‍ തിരച്ചില്‍ നടത്തി. അവിടെ നിന്ന് പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. പക്ഷേ, ഇതേക്കുറിച്ച് പൊലീസ് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.