ബാലാവകാശ കമ്മിഷനിലെ വിവാദ നിയമനത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ടിബി സുരേഷിനെ ബാലാവകാശ കമ്മിഷന്‍ അംഗമായി നിയമിച്ചതിൽ പാർട്ടി ഇടപെട്ടിട്ടില്ല. 15 വർഷത്തെ പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്. പാർട്ടിക്കാരന്‍ ആണ് എന്നത് ഒരു അയോഗ്യതയായി കാണാന്‍ കഴിയില്ലെന്നും ശൈലജ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. തനിയ്ക്കെതിരെ നടക്കുന്നത് സ്പോൺസേഡ് സമരാണ്. സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാനുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ല് കൊണ്ടുവരുന്നത് ഭയക്കുന്നവരാണ് ഇതിന് പിന്നിൽ. മുഖ്യമന്ത്രിയും പാര്‍ട്ടിയും തന്നെ തുണച്ചത് ന്യായമെന്ന് ബോധ്യമായത് കൊണ്ടാണെന്നും ശൈലജ പറഞ്ഞു.
ആരോഗ്യ വകുപ്പിലെ സമൂലമായ പരിഷ്കാരങ്ങളും പദ്ധതികളുമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. തനിക്കൊപ്പം പ്രതിപക്ഷം ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെയും ലക്ഷ്യമിടുന്നുണ്ട്. ആരോഗ്യ സെക്രട്ടറി പറയുന്നത് മാത്രമാണ് മന്ത്രി കേള്‍ക്കുന്നതെന്ന ആക്ഷേപത്തിനും മന്ത്രി മറുപടി പറഞ്ഞു. വകുപ്പിലെ മുഴുവന്‍ നിയമനങ്ങളെയും തിരഞ്ഞ് പിടിച്ച് പ്രതിപക്ഷം ആയുധമാക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
അഭിമുഖം പൂർണരൂപം
പനിമരണം-സ്വാശ്രയപ്രശ്നം-ബാലാവകാശ നിയമനപ്രശ്നം; ശൈലജ ടീച്ചര്‍ക്ക് എന്തുപറ്റി?
എനിക്കൊന്നും പറ്റിയിട്ടില്ല, ഈ പ്രശ്നങ്ങളെല്ലാം മാധ്യമങ്ങളില്‍ വലിയ കോലാഹലമായിട്ട് വരുമ്പോഴാണ് ആളുകള്‍ക്ക് സംശയം തോന്നുന്നത്. എന്നെ സംബന്ധിച്ച് ഈ പ്രശ്നങ്ങളെയെല്ലാം വളരെ സമൃദ്ധമായി നേരിട്ട ഒരു വര്‍ഷമാണ് കടന്നുപോയത്.
പ്രതിപക്ഷം പറയുന്നതുകൊണ്ട് പൊതുധാരണ അങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല, പ്രതിപക്ഷത്തിന്‍റെ വലിയ ആക്രമണം ഉണ്ടാകുന്ന സമയത്ത്, എനിക്ക് പല പ്രമുഖ വ്യക്തികളുടെയും ഭാഗത്തുനിന്നും ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു. അവര്‍ പറഞ്ഞത്, ഇത്ര സങ്കീര്‍ണമായ സ്വാശ്രയപ്രശ്നം പോലുള്ള കാര്യങ്ങള്‍ വളരെ ധീരമായി നേരിട്ടു എന്നാണ്.
പ്രശ്നം തുടങ്ങുന്നത് കാരക്കോണവും, എം.ഇ.എസും തമ്മില്‍ ഉണ്ടാക്കിയ കരാറാണ്, അവിടെയങ്കിലും തെറ്റ് പറ്റിയെന്ന് ടീച്ചര്‍ക്ക് തോന്നണ്ടേ ?
ഈ വിഷയത്തിലും തെറ്റ് പറ്റിയിട്ടില്ല, ഫീ റെഗുലേറ്ററി കമ്മിറ്റി ഫീസ് നിശ്ചയിക്കും എന്നാണ് പറഞ്ഞത്. അങ്ങനെ ഇന്ററിം ഫീസായി അഞ്ചുലക്ഷം നിശ്ചയിച്ചു. മാനേജ്മെന്റുകളുമായി ധാരണയുണ്ടാക്കാന്‍ പറ്റാത്തതുകൊണ്ട് ഈ ഫീസ് അംഗീകരിച്ചു. എന്നാല്‍ ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് പോരാഞ്ഞിട്ട് മാനേജ്മെന്റുകള്‍ കോടതിയില്‍പ്പോയി. ആ സമയത്ത് കാരക്കോണവും എം.ഇ.എസും ഗവണ്‍മെന്റിനെ സമീപിച്ച് പറഞ്ഞു, ധാരണയായ ഫീസിന് സമ്മതിക്കാം എന്ന്. എന്നാല്‍ അത് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ധാരണയ്ക്ക് തയാറാണെന്ന് പറഞ്ഞ് മാനേജ്മെന്റുകള്‍ ഇങ്ങോട്ട് വരുമ്പോള്‍ അതിന് തയാറായില്ലെങ്കില്‍ മാധ്യമങ്ങള്‍ പറയും കുറഞ്ഞ ഫീസിന് പഠിക്കാമായിരുന്ന അവസരം നശിപ്പിച്ചു എന്നുപറഞ്ഞ്. അങ്ങനെ മുഖ്യമന്ത്രി പറഞ്ഞു കരാറിന് സമ്മതമാണെന്ന്.
മുഖ്യമന്ത്രി പല തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുകയാണോ, അതിന്‍റെ ഭാരം മന്ത്രി പേറുകയാണോ ?
അങ്ങനെയുള്ള ഒന്നുമില്ല, എന്റെ വകുപ്പ് വളരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുപാട് നൂതനമായ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്, ആര്‍ദ്രകേരളം പോലുള്ള പദ്ധതികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, ഇവയെല്ലാം നമ്മുടെ നാടിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പദ്ധതികളാണ്.
ബാലാവകാശ കമ്മിഷന്‍ അംഗമായി ടി.ബി.സുരേഷിനെ നിയമിക്കാനുള്ള തീരുമാനം മന്ത്രിയുടേതാണോ, അതോ പാര്‍ട്ടിയില്‍നിന്ന് വന്നതാണോ ? അക്കാദമിക്ക് യോഗ്യത കണക്കിലെടുത്തോ ?
പാര്‍ട്ടിയില്‍നിന്നും ഈ വിഷയത്തെ സംബന്ധിക്കുന്ന യാതൊന്നും വന്നിട്ടില്ല, ഇത് എന്റെ വകുപ്പിന്‍റെ തീരുമാനമാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ പട്ടികയില്‍നിന്ന് അഭിമുഖം നടത്തുകയും ഒപ്പം അവരുടെ യോഗ്യതയും പ്രവര്‍ത്തിപരിചയവും മാത്രം മാനദണ്ഡമാക്കിയാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. അക്കാദമിക്ക് യോഗ്യത മാത്രമല്ല മാനദണ്ഡം, അഭിമുഖത്തില്‍ അവരുടെ കഴിവിനെ പലതരത്തില്‍ വിലയിരുത്തും. ശിശുക്ഷേമസമിതി ആയതുകൊണ്ടുതന്നെ അത്തരത്തില്‍ കുട്ടികളുമായി ഇടപഴകാന്‍ തക്ക പ്രാപ്തിയുണ്ടോ എന്നൊക്കെ അഭിമുഖത്തില്‍ പരിശോധിക്കും. എനിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചുപോലും അഭിമുഖത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല, ടി.ബി.സുേരഷ് 15 വര്‍ഷമായിട്ട് ശിശുമേഖലയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തനപരിചയം ഉണ്ടെന്നത് കണക്കിലെടുത്തിട്ടുണ്ട്. സുരേഷിനെതിരെയുള്ള കേസുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ആഭ്യന്തരവകുപ്പില്‍നിന്ന് വരുത്തുകയും അത് നിയമവകുപ്പിന് കൈമാറുകയും ഈ പദവിയില്‍ എത്തുന്നതിന് വിഘാതമായ തരത്തില്‍ എന്തെങ്കിലും കേസുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. അങ്ങനെ ഇല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സുരേഷിനെ നിയമിച്ചത്. സുരേഷിനെ നിശ്ചയിച്ചത് രാഷ്ട്രീയ ചായ്‌വോടെയല്ല.
ശൈലജ ടീച്ചറോട് മുഖ്യമന്ത്രിയും പാര്‍ട്ടിയും കാണിച്ച സ്നേഹം എന്തുകൊണ്ടാണ് ജയരാജനോട് കാണിക്കാതിരുന്നത് ?
ഈ വിഷയത്തില്‍ ഇ.പി.ജയരാജന്‍റെ സംഭവം ഞാന്‍ പറയുന്നില്ല, പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളും പാര്‍ട്ടിയുടെ നിലപാടുകളും എന്റേതുമായി ബന്ധപ്പെടുത്തി പറയാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല.
മന്ത്രിയെന്ന നിലയിലുള്ള വിവേചന ബുദ്ധി ഉപയോഗിച്ചില്ലെങ്കില്‍ അപകടമാണെന്ന് മനസ്സിലായില്ലേ ടീച്ചര്‍ക്ക് ?
ഇവിടെ സംഭവിച്ചത് എന്നെ പിന്തുടര്‍ന്ന് ആക്രമിക്കുക എന്ന നയമാണ് പ്രതിപക്ഷം സ്വീകരിച്ചത്. കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ അടിസ്ഥാനമായിട്ടുള്ള മാറ്റമുണ്ടാക്കാനാണ് ഞങ്ങള്‍ പരിശ്രമിച്ചത്. പ്രതിപക്ഷത്തിന്‍റെ ഈ സമരം 'സ്പോണ്‍സേര്‍ഡ്' സമരമാണ്. പഴയ പൊതു ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ടുതന്നെ അറിയണം. 'ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്' ബില്‍ ഇതെല്ലാം വന്നപ്പോള്‍ ചിലരെങ്കിലും ഭയക്കുകയാണ് തങ്ങളുടെയെല്ലാം സാധ്യത ഇല്ലാതാകുമോ എന്ന്. ചില അനിഷ്ടങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്
ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായപ്പോള്‍ മന്ത്രി ഒന്നു പതറിപ്പോയില്ലേ ?
ഞാന്‍ പതറിപ്പോയിട്ടില്ല, പക്ഷേ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായപ്പോള്‍ വിഷമം ഉണ്ടായി. മാധ്യമങ്ങളെല്ലാം കൊടുത്തത് പ്രതിപക്ഷത്തിന്‍റെ ഭാഗം മാത്രമാണ്. സുരേഷിന്‍റെ നിയമനം മാത്രമല്ല, എന്റെ വകുപ്പില്‍ ആരെയൊക്കെ നിയമിച്ചോ (KHRWS, KSSM, മെഡിക്കല്‍ കൗണ്‍സില്‍ അംഗത്തിന്‍റെ നിയമനം) ഇവിടെയെല്ലാം അനാവിശ്യമായി ആക്ഷേപം ഉന്നയിച്ചു.