സിനിമയിലെ വനിതാ കൂട്ടായ്മ സദുദ്ദേശത്തോടെ ആയിരിക്കണമെന്ന് നടനും അമ്മ നിര്‍വ്വാഹക സമിതിയംഗവുമായ കലാഭവന്‍ ഷാജോണ്‍. വിമന്‍ ഇന്‍ കലക്ടീവ്, സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണം. സ്ത്രീകള്‍ക്കായി സംഘടന രൂപീകരിച്ചത് നല്ല കാര്യമാണ്. ഒരുപക്ഷേ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യ തീരുമാനമാകും. സംഘടനയുടെ പ്രവര്‍ത്തനം ചുരുക്കം ചില ആളുകളിലേക്ക് ഒതുങ്ങരുതെന്നാണ് ആഗ്രഹം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാകണം സംഘടനയെന്നും ചില വിഷയങ്ങളില്‍ മാത്രം ഒതുങ്ങരുതെന്നും ഷാജോണ്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.
അമ്മയില്‍ നിന്ന് ദീലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കും ഷാജോണ്‍ മറുപടി പറഞ്ഞു. കൂട്ടായ തീരുമാനമായിരുന്നു അത്. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. അമ്മ സംഘടനയിലെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കുന്ന സംഘടനയാണ്. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു. താനടക്കം അന്ന് ആ തീരുമാനത്തെ പിന്തുണച്ചു. ഇപ്പോള്‍ തീരുമാനം തെറ്റിയെന്ന് സംശയിക്കുന്നതായും പുറത്താക്കിയ തീരുമാനം പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ പറഞ്ഞു.
മാധ്യമങ്ങളോടുള്ള നിലപാട്, കലാഭവന്‍ മണിയുമായുള്ള ആത്മബന്ധം, മിമിക്രി തന്ന കരുത്ത്, അവാര്‍ഡുകളോടുള്ള ആഗ്രഹം, ആദ്യസംവിധാന സംരംഭം തുടങ്ങി പലവിഷയങ്ങവില്‍ ഷാജോണ്‍ മനസ്സുതുറക്കുന്നു നേരേ ചൊവ്വേയില്‍.
അഭിമുഖം പൂർണരൂപം
രാമലീല വലിയ വിജയമായി മുന്നേറുന്നു, താങ്കളുടെ റോളിനും വലിയ കയ്യടി കിട്ടുന്നു. മനസ്സ് തുറന്ന് സന്തോഷിക്കാന്‍ കഴിയുന്നുണ്ടോ, ഷാജോണിന് ?
സിനിമയുടെ കാര്യത്തിലാണെങ്കില്‍ തീര്‍ച്ചയായും സന്തോഷിക്കാന്‍ കഴിയുന്നുണ്ട്. അതിന് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് മലയാളി പ്രേക്ഷകരോടാണ്. അവര്‍ സിനിമയെ സിനിമയായി കണ്ടു. വേറെ എന്തൊക്കെ കാര്യം ഉണ്ടെന്ന് പറഞ്ഞാലും അതൊക്കെ പറഞ്ഞ് സിനിമയെ പിന്തള്ളാന്‍ തങ്ങള്‍ തയാറല്ലെന്ന് അവര്‍ തെളിയിച്ചു. ആത്യന്തികമായി നല്ല സിനിമയാണ് വിജയിക്കേണ്ടത് എന്ന് അവര്‍ കാണിച്ചുതന്നു.
എന്നാല്‍ ദിലീപ് എന്ന വ്യക്തിക്ക് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ദുഃഖത്തേക്കാള്‍ ഏറെ ആശങ്കയുണ്ട്. പറഞ്ഞുകേള്‍ക്കുന്ന കാര്യങ്ങളില്‍ ഏതാണ് സത്യം, ഏതാണ് നുണ എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. അപ്പോഴും ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹോദരിയെ മാറ്റിനിര്‍ത്തിയിട്ടൊന്നുമല്ല സംസാരിക്കുന്നത്.
ദിലീപ് ഈ കേസില്‍ ഒന്നാംപ്രതിയാകുമെന്നാണ് ഒടുവില്‍ കേള്‍ക്കുന്നത്. ദിലീപിനെ ആസൂത്രിതമായി ഇതില്‍ പെടുത്തുകയായിരുന്നെങ്കില്‍ അതിന് ഒരു കാരണം വേണ്ടെ, താങ്കള്‍ക്ക് അങ്ങനെ എന്തെങ്കിലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ?
അങ്ങനെയൊന്നും കണ്ടുപിടിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, എല്ലാവരെയും പോലെ പത്രത്തില്‍നിന്നും ടിവിയില്‍നിന്നും ലഭിക്കുന്ന വാര്‍ത്തകളും ഒപ്പം സിനിമയിലെ സുഹൃത്തുക്കളില്‍നിന്ന് പറഞ്ഞുകേള്‍ക്കുന്ന കാര്യങ്ങളും ഒക്കെ വച്ചാണ് ഞാനും ചിന്തിക്കുന്നതും അഭിപ്രായം പറയുന്നതും. അല്ലാതെ ഇന്ന കാരണംകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പറയാന്‍ ഞാന്‍ ആളല്ല.
ആക്രമിക്കപ്പെട്ട സഹോദരിക്ക് ഒപ്പമാണെന്ന് പറയുകയും ദിലീപ് അത് ചെയ്തിട്ടില്ലെന്ന് വരുത്താനുമുള്ള ശ്രമം നിങ്ങള്‍ സുഹൃത്തുക്കളുടെ ഭാഗത്തുനിന്നില്ലേ ?
ആക്രമിക്കപ്പെട്ട സഹോദരിക്ക് ഒപ്പമാണെന്നതില്‍ തര്‍ക്കമില്ല, മാത്രമല്ല എത്ര വലിയവനാണെങ്കിലും കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കിട്ടണം. അതോടൊപ്പം തന്നെ ഇപ്പുറത്തുള്ള ആളും 'ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല, എന്നെ ഇതില്‍ വലിച്ചിഴയ്ക്കുകയാണ് ചെയ്തത്' എന്ന് പറയുകയും ചെയ്യുമ്പോള്‍, അദ്ദേഹം പറയുന്നത് കേള്‍ക്കണ്ടേ, അതേ ചെയ്യുന്നുള്ളു. എനിക്കറിയാവുന്ന ദിലീപേട്ടന്‍ ഇത്തരത്തിലുള്ള ഒരു കൃത്യം ചെയ്യില്ലെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമിവിധി വരെ കാത്തിരിക്കാം എന്നാണ് ഞാന്‍ പറയുന്നത്.
വീണുകിടന്ന സമയത്ത് ദിലീപിനെ ചവിട്ടിയവരെക്കുറിച്ച് താങ്കള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സിനിമയുടെ തന്നെ ഭാഗമായ 'വിമന്‍ ഇന്‍ കലക്ടീവ്' എന്ന സംഘടന അതില്‍പ്പെടുന്നുണ്ടോ ?
ആ സംഘടന ഈ കേസില്‍ ദിലീപിനെ ചവിട്ടാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി അത്തരമൊരു സംഘടന ഉള്ളത് മലയാള സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും അത് ഉപകരാപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ചുരുക്കം ചില പ്രധാനപ്പെട്ട നടിമാരിലേക്ക് ഒതുങ്ങിപ്പോകാതെ ജൂനിയര്‍ അഭിനേത്രിമാര്‍ ഉള്‍പ്പെടെ സിനിമയുടെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ഇത് പ്രയോജനപ്രദമാകണം. അങ്ങനെയുള്ള ഒരു സംഘടനയായി അത് വളരണം. അല്ലാതെ ഇങ്ങനെയൊരു പ്രശ്നം ഉണ്ടായി, അതിനെത്തുടര്‍ന്ന് രൂപീകരിക്കുകയും ഈ വിഷയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ എല്ലാ കാര്യത്തിലും ഇടപെട്ട് പ്രവര്‍ത്തിക്കണം എന്നാണ് എന്‍റെ അഭിപ്രായം.
ഒരു കാരണംകൊണ്ടാണ് 'വിമന്‍ ഇന്‍ കലക്ടീവ്' നില്‍ക്കുന്നത്, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നുണ്ടോ ?
എല്ലാവരും പറയുന്ന കാര്യങ്ങള്‍ തന്നെയാണ് അവരും പറയുന്നത്, അതുകൊണ്ട് അവരോട് പ്രത്യേകിച്ച് അലോസരം ഒന്നും തോന്നേണ്ട കാര്യമില്ല. അവരുടെ കൈയ്യിലും പ്രത്യേകിച്ച് തെളിവുകളൊന്നുമില്ല. ദിലീപ് തന്നെയാണ് ഈ കൃത്യം ചെയ്തത് എന്ന് സാഹചര്യത്തെളിവുകള്‍ വച്ചും ഒപ്പം മറ്റ് ആരെങ്കിലും പറഞ്ഞ അറിവുകളും വച്ചാണ് 'വിമന്‍ ഇന്‍ സിനിമ കലക്ടീവ്' എന്ന സംഘടന എന്തെങ്കിലും ആരോപിക്കുന്നുണ്ടെങ്കില്‍ തന്നെ അങ്ങനെ ചെയ്യുന്നത്.
ദിലീപിനെ പുറത്താക്കാന്‍ തീരുമാനം എടുത്ത 'അമ്മ' യോഗത്തില്‍ സംഭവിച്ചത് എന്താണ്, ഗണേഷ്കുമാര്‍ പറഞ്ഞതുപോലെ പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താന്‍ മമ്മൂട്ടി നിര്‍ദേശിച്ചതാണോ പുറത്താക്കാം എന്ന് ?
'അമ്മ' എന്ന സംഘടനയുടെ ആഭ്യന്തരകാര്യമാണ് ഇതെല്ലാം, മാത്രമല്ല ഇതൊന്നും ഇതേപോലൊരു വേദിയില്‍ പറയേണ്ട കാര്യവുമില്ല. ഒരുപാട് വേദികളില്‍ ചര്‍ച്ചയ്ക്ക് വന്ന വിഷയം എന്ന നിലയ്ക്ക് 'അമ്മ' ഭാരവാഹി എന്ന നിലയില്‍ അല്ലാതെ, ഒരു സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മറുപടി നല്‍കാം. 'അമ്മ' എന്ന സംഘടന ഒരാളുടെ അഭിപ്രായത്തെ മാത്രം മാനിച്ച് ഒന്നും ചെയ്യുന്നില്ല. 'അമ്മ'യില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവസരം ഉണ്ട്. പൃഥ്വിരാജിനെ സന്തോഷിപ്പിക്കാന്‍ മമ്മൂട്ടി എടുത്ത തീരുമാനം ആണെന്ന അഭിപ്രായത്തോട് ഒരിക്കലും ഞാന്‍ യോജിക്കില്ല. ആ ദിവസം കൂടിയ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ എടുത്ത തീരുമാനപ്രകാരം എല്ലാവരും കൂടി എടുത്ത തീരുമാനമാണ് ദിലീപിനെ സംഘടനയില്‍നിന്ന് പുറത്താക്കുക എന്നത്.
പക്ഷേ, വ്യക്തിപരമായി പറയുകയാണെങ്കില്‍ അന്ന് എടുത്ത ആ തീരുമാനം ശരിയായിരുന്നോ എന്ന് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ എനിക്ക് സംശയമുണ്ട്. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രമെ അത്തരം ഒരു കടുത്ത നിലപാടിലേക്ക് പോകേണ്ടതുള്ളായിരുന്നു. ആ യോഗത്തില്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാനും പറഞ്ഞത് ദിലീപിനെ അടിയന്തരമായി പുറത്താക്കണം എന്നുതന്നെയാണ്. ഇത്തരത്തിലുള്ള ഒരു കൃത്യം ആരെങ്കിലും ചെയ്താല്‍ അവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു ദിലീപിനെ പുറത്താക്കാന്‍ എടുത്ത തീരുമാനം. ഇന്ന് എനിക്ക് തോന്നുന്നത്, അത് എടുത്തുചാടി എടുത്ത തീരുമാനമായിപ്പോയി എന്നാണ്.
ഈ കേസില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനോട് എതിര്‍പ്പ് തോന്നിയോ ?, മാധ്യമങ്ങളോടുള്ള മനോഭാവത്തില്‍ മാറ്റം വന്നോ ?
മാധ്യമങ്ങളോട് ഒരു വിഷമം തോന്നിയിട്ടുണ്ട്. ദിലീപിനെക്കുറിച്ച് ഒരു വാര്‍ത്ത വന്നാല്‍ ലഭ്യമായ അറിവുവച്ച് പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വാര്‍ത്ത നല്‍കാം. എന്നാല്‍ ആ സമയത്ത് ഒന്നു രണ്ട് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത മലയാള സിനിമയാകെ പ്രശ്നമാണ് എന്നാണ്, നടന്‍മാര്‍ ആകെ പീഡനവീരന്‍മാര്‍ ആണ് എന്നൊക്കെയാണ്. ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ വളരെയേറെ വിഷമം തോന്നി.
ഈ സംഭവങ്ങള്‍ക്കുശേഷം മലയാള സിനിമയില്‍ ഒരു വിഭജനം ഉണ്ടായിട്ടുണ്ടോ ?
എല്ലാവര്‍ക്കും ഒരു പുനര്‍വിചിന്തനം ഉണ്ടായി എന്നത് സത്യമാണ്. എത്ര ഉന്നതനാണെങ്കിലും ആര്‍ക്കും ഈ ഗതി വരാം എന്ന ഒരു ചിന്ത വന്നു, ഒരു തിരിച്ചറിവ് വന്നു. നമ്മള്‍ എന്ത് ചെയ്താലും നല്ലത് ചെയ്യുക. ജനങ്ങള്‍ നമ്മളോട് കാണിക്കുന്നത് നമ്മള്‍ സിനിമയില്‍ കാണിക്കുന്ന ഒരു കഥാപാത്രം എങ്ങനെയാണ് എന്ന് നോക്കിയാണ്. സിനിമയില്‍ കാണുന്ന നമ്മള്‍ അല്ല വ്യക്തിജീവിതത്തില്‍ എന്ന് മനസ്സിലാക്കിയാല്‍ ജനങ്ങള്‍ അതിനോട് പ്രതികരിക്കും.
ഒരു കൊമേഡിയന്‍ ആയിട്ട് സിനിമയില്‍ വരുന്ന ആളുകളോടുള്ള മനോഭാവം പൊതുവെ എങ്ങനെയാണ് ?
ജനങ്ങള്‍ക്ക് ഇത്തരക്കാരെ പെട്ടന്ന് ഇഷ്ടപ്പെടും, അവരെ ചിരിപ്പിക്കുന്നവര്‍ അല്ലേ, എന്നൊക്കെ വിചാരിച്ച്, എന്നാല്‍ ഇതിന് ചില പ്രശ്നങ്ങളും ഉണ്ട്. അനവസരങ്ങളില്‍ നമ്മളോട് അമിത ഇഷ്ടപ്രകടനവുമായി വരുന്നതിനോട് ചിലപ്പോള്‍ നമുക്ക് ദേഷ്യം തോന്നും. എന്നാലും ജനങ്ങളുടെ മനസ്സിലേക്ക് പെട്ടന്ന് കയറാന്‍ പറ്റുന്നത് കോമേഡിയന്‍ കഥാപാത്രങ്ങള്‍ക്കാണ്.
രജനികാന്തിനെ പരിചയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ വിനയവും മറ്റും ഏറെ അദ്ഭുതപ്പെടുത്തി എന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഏറെ വിനയത്തോടും സ്നേഹത്തോടെയുമാണ് പെരുമാറുന്നതെങ്കില്‍ രജനികാന്തിന്‍റെ വിനയത്തില്‍ ഇത്ര അദ്ഭുതപ്പെടേണ്ട ആവശ്യമെന്താണ് ?
രജനികാന്തിനെ കണ്ട് പഠിക്കണം എന്ന് ഞാന്‍ പറഞ്ഞത് മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ ഉദ്ദേശിച്ചല്ല. ഒന്നോ രണ്ടോ സിനിമകള്‍ ചെയ്തിട്ടുവന്ന ചില സംവിധായകരും അഭിനേതാക്കളെയുമാണ് ഇക്കാര്യത്തില്‍ ഉദ്ദേശിച്ചത്. പെട്ടന്ന് ചില സൗഭാഗ്യങ്ങള്‍ ചിലരിലേക്ക് എത്തുമ്പോള്‍ അവര്‍ അവരെത്തന്നെ മറക്കുന്ന നിലപാട് സ്വീകരിക്കുന്ന ചിലരുണ്ട്. കുറച്ച് സിനിമകള്‍ ചെയ്ത ചിലര്‍ക്കാണ് ഇത്തരം മനോഭാവമുള്ളത്. അതുകൊണ്ടാണ് ഞാന്‍ ഒരു ആഴ്ചപ്പതിപ്പിന് കൊടുത്ത അഭിമുഖത്തില്‍ രജനികാന്തിനെ കണ്ട് പഠിക്കണം എന്ന് അഭിപ്രായപ്പെട്ടത്. മമ്മൂട്ടിയും മോഹന്‍ലാലും ബഹുമുഖ പ്രതിഭകളാണ് ഇവരില്‍നിന്ന് എല്ലാവര്‍ക്കും ഏറെ പഠിക്കാനുമുണ്ട്.
താങ്കള്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, ആ സിനിമയില്‍ പൃഥ്വിരാജിനെ നായകനാക്കാന്‍ എന്താണ് കാരണം ?
അത് രാജു (പൃഥ്വിരാജ്) ചെയ്താല്‍ നന്നാകുമെന്ന് എനിക്ക് തോന്നി. ആ സിനിമ ഞാന്‍ സംവിധാനം ചെയ്യണം എന്ന് കരുതിയതൊന്നുമല്ല. മറ്റാരെയെങ്കിലും കൊണ്ട് സംവിധാനം ചെയ്യിക്കാം എന്ന് കരുതിയാണ് പൃഥ്വിരാജിനോട് ഞാന്‍ കഥ പറയുന്നത്. അങ്ങനെ കഥ കേട്ടതിനുശേഷം രാജുവാണ് പറഞ്ഞത് 'ചേട്ടന്‍ സംവിധാനം ചെയ്താല്‍ ഞാന്‍ ഡേറ്റ് തരാം' എന്ന്. പെട്ടന്ന് കേട്ടപ്പോള്‍ എനിക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. എന്നാലും രാജുവിന്‍റെ ആ വാക്കുകളില്‍നിന്ന് ഉടലെടുത്ത ആത്മവിശ്വാസമാണ് എന്നെ ഇക്കാര്യത്തിന് സഹായിച്ചത്. ഒരു പുരസ്കാരം ലഭിക്കുക എന്നത് പോലെതന്നെയുള്ള ഒരു വിദൂര സ്വപ്നമായിരുന്നു സിനിമ സംവിധാനം ചെയ്യുക, തിരക്കഥ എഴുതുക എന്നതൊക്കെ. ഇത്രെയും തിരക്കുള്ള പൃഥ്വിരാജിനെപ്പോലൊരു നടന്‍ ഇങ്ങനെ പറയുമ്പോള്‍ അത് വേണ്ടാ എന്ന് വയ്ക്കേണ്ടെന്ന് എനിക്ക് തോന്നി.