ശാന്തി കൃഷ്ണ എന്നത് വളരെ കൗതുകം ഉള്ളൊരു പേരാണ്, പക്ഷേ അതില്‍ ശാന്തി എന്ന് ഉണ്ടെങ്കിലും ജീവിതത്തില്‍ ഒരുപാട് അശാന്തികള്‍ ഉണ്ടായി, തിരിഞ്ഞുനോക്കുമ്പോള്‍ പേരും ജീവിതവും തമ്മിലുള്ള വൈരുധ്യത്തിന് ആരാണ് ഉത്തരവാദി ?
പേരിടുമ്പോള്‍ ആരും അശാന്തി ഉണ്ടാകും എന്നോര്‍ത്തല്ലല്ലോ ഇടുന്നത്, നമുക്ക് എന്നും സമാധാനവും സന്തോഷവും ഒക്കെ ഉണ്ടായിക്കോട്ടെ എന്ന് വിചാരിച്ചാണല്ലോ പേരിടുന്നത്. മൂന്ന് ആണ്‍കുട്ടികള്‍ക്കുശേഷം ഒരു പെണ്‍കുട്ടി ജനിച്ചപ്പോള്‍ അവര്‍ക്ക് മനസ്സിന് ഒരു ശാന്തി ഉണ്ടെന്ന് പറഞ്ഞ് അച്ഛനാണ് എനിക്ക് ശാന്തി എന്ന് പേരിട്ടത്. എന്നാല്‍ അച്ഛനും അമ്മയ്ക്കും തന്നെ പിന്നീട് തോന്നിയിരുന്നു പേരും ജീവിതവും തമ്മില്‍ ഒരു സാമ്യവും ഉണ്ടായില്ലല്ലോ എന്ന്. പക്ഷേ ഞാന്‍ അതിനെ ജീവിതത്തിന്‍റെ ഒരു ഭാഗമായിട്ടാണ് കാണുന്നത്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള വിധിയാണല്ലോ ഉണ്ടാവുക.
ഇങ്ങനെയൊക്കെ സംഭവിച്ചതിന് ആരെയാണ് ഉത്തരവാദി എന്ന് തോന്നുന്നത് ?
ഞാന്‍ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി എന്നാണ് തോന്നുന്നത്. നമ്മള്‍ നമ്മുടേതായിട്ട് ഒരു തീരുമാനം എടുക്കുമ്പോള്‍ നാം വിചാരിക്കും ഇതാണ് ശരിയായ തീരുമാനം, ഇതാണ് ശരി, ഞാന്‍ മാത്രമാണ് ശരി എന്നൊക്കെ, ബാക്കി പറയുന്നവരെല്ലാം മണ്ടന്‍മാരാണെന്നൊക്കെ, ആര്‍ക്കും ഒന്നും അറിയില്ല, അങ്ങനെ വന്നപ്പോള്‍ എനിക്ക് തോന്നിയത് ഞാനാണ് ശരി എന്നാണ്.
ആദ്യം സിനിമകളില്‍ അഭിനയിച്ചത് വളരെ ചെറുപ്പത്തിലാണ്, അതിനുശേഷമുള്ള രണ്ടാമത്തെ വരവില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തു, എന്നിട്ടും സിനിമയില്‍ തുടരേണ്ടതില്ല എന്ന് തീരുമാനിച്ചത് തെറ്റായിപ്പോയി എന്ന് എന്നാണ് മനസ്സിലായത് ?
ഞാന്‍ എടുത്ത തീരുമാനം തെറ്റിയില്ല, അന്ന് ഞാനെടുത്ത തീരുമാനം ശരിയായിരുന്നു എന്നുതന്നെയാണ് തോന്നുന്നത്. ആ സമയത്ത് ഒരു വേര്‍പിരിയലിനുശേഷം മറ്റൊരു ദാമ്പത്യത്തിലേക്ക് കടക്കുമ്പോള്‍ കുറെക്കൂടി ശ്രദ്ധിച്ച് പക്വതയോടെ ഒക്കെ മുന്‍പോട്ട് പോകാന്‍ പറ്റും എന്നാണ് കരുതിയത്. എന്നാല്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം ഞങ്ങള്‍ക്ക് വേര്‍പിരിയേണ്ടി വന്നു. ചില സമയത്ത് എനിക്ക് തോന്നും ആ സമയത്ത് എനിക്ക് കുറെക്കൂടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുമായിരുന്നു എന്ന്.
എന്താണ് കുടുംബ ജീവിതവും അഭിനയം എന്ന തൊഴിലും ഒരുമിച്ച് കൊണ്ടോപോകാന്‍ പറ്റാഞ്ഞത് ?
എനിക്ക് തോന്നുന്നത് ഒരോ വ്യക്തിക്കും ഓരോ തരത്തിലുള്ള സ്വകാര്യ കാരണങ്ങള്‍ ഉണ്ടെന്നാണ്. ചിലപ്പോള്‍ അവര്‍ തന്നെ എടുക്കുന്ന തീരുമാനങ്ങള്‍, അതായത് ഇനി അഭിനയിക്കാന്‍ പോകുന്നില്ല, എനിക്ക് സ്വസ്ഥമായ ഒരു കുടുംബ ജീവിതംമതി എന്ന് ചിന്തിക്കുന്നവരുണ്ട്, അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ് ഞാന്‍, മാത്രമല്ല ഞാന്‍ സിനിമാ വ്യവസായത്തിലേക്ക് വന്നത് ഒട്ടുതന്നെ പ്ലാന്‍ െചയ്തിട്ടല്ല, അതുകൊണ്ടുതന്നെ സിനിമ വിട്ട് കുടുംബ ജീവിതത്തിലേക്ക് പോകുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നുംതന്നെ തോന്നിയില്ല.
വിവാഹ സമയത്ത് ശ്രീനാഥിന് പടങ്ങള്‍ വളരെ കുറവായിരുന്നു, ഞാന്‍ കുറേക്കൂടെ നല്ല സ്ഥാനത്തായിരുന്നു സിനിമയില്‍. ഞങ്ങള്‍ ഒരുമിച്ച് കുറെ പടങ്ങള്‍ െചയ്തിട്ടുണ്ടെങ്കിലും ഞാന്‍ സ്വയം വിചാരിച്ചു ദാമ്പത്യ ജീവിതത്തല്‍ ഒരു ‘ഈഗോ’ പ്രശ്നം ഉണ്ടാകണ്ടെന്ന്. അതുകൊണ്ടാണ് ഞാന്‍ സിനിമയില്‍നിന്ന് സ്വയം പിന്‍മാറിയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പുരുഷന്‍റെ ഈഗോയ്ക്കുവേണ്ടി നമ്മുടെ ഈഗോ മാറ്റിവച്ചു എന്നതും ശരിയാണ്.
സ്വന്തം കരിയറിനെ ഒരു കുടുംബ ജീവിതത്തിനുവേണ്ടി ബലികഴിച്ച എത്രപേര്‍ പിന്നീട് സംതൃപ്തരായി നിന്നിട്ടുണ്ട് ?
എനിക്ക് കൃത്യമായിട്ട് അക്കാര്യം അറിയില്ല, കുറെയാളുകള്‍ക്കെങ്കിലും ഉണ്ടാകാം, മാത്രമല്ല, ഓരോ വ്യക്തികള്‍ക്കും അവരവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതില്‍നിന്ന് അവര്‍ എങ്ങനെയാണ് പുറത്തേക്ക് വരുന്നത്, ശക്തനായാണോ അതോ ദുര്‍ബലനായാണോ എന്നതാണ് കാര്യം. എനിക്ക് ഈ വിഷമങ്ങളില്‍നിന്നെല്ലാം പുറത്തുവരാന്‍ പറ്റിയതിന്‍റെ പ്രധാന കാരണം എന്റെ കുടുംബവും പിന്നെ എന്റെ ഏറ്റവും അടുപ്പമുള്ള സുഹൃദ് വൃന്ദവും ആണ്. ഒപ്പം എനിക്ക് തന്നെ തോന്നി ഞാന്‍ സ്വയം മാറണമെന്ന്് ഇതെല്ലാം കൊണ്ടാണ് എനിക്ക് ഇന്ന് ഈ രീതിയില്‍ സംസാരിക്കാനും സന്തോഷത്തോടെ ഇടപഴകാനും പറ്റുന്നത്.
സിനിമയില്‍ തിരക്കുണ്ടായിരുന്ന സമയത്ത് ഒരു തവണയല്ല രണ്ടു തവണയാണ് ശാന്തി കുടുംബ ജീവിതത്തിനുവേണ്ടി സിനിമ ഉപേക്ഷിച്ചത്, ഒരു തവണ മനസ്സിലാക്കാം പക്ഷേ രണ്ടാം തവണയും എന്തുകൊണ്ട് അത് ചെയ്തു ?
ചിലപ്പോള്‍ ഞാന്‍ ബുദ്ധിപൂര്‍വം ചിന്തിക്കാത്തതുകൊണ്ടും തീരുമാനമെടുക്കാത്തതും കൊണ്ടാകാം, എന്റെ ജീവിതത്തിലെ ഏറ്റവും ഉന്നതിയായ സമയമാണ് എനിക്ക് നഷ്ടമായത്. പക്ഷേ, ഇപ്പോള്‍ പഴയത് ഒന്നും മായിച്ച് കളയാന്‍ പറ്റില്ലല്ലോ, കഴിഞ്ഞതു കഴിഞ്ഞു ഇനി അതിനെപ്പറ്റി ചിന്തിച്ചിരുന്നാല്‍ വിഷാദമാകും. വിവാഹം വേര്‍പിരിയും എന്ന് ഉറപ്പായ സമയത്ത് ഞാന്‍ അമേരിക്കയിലായിരുന്നു, ആ സമയത്ത് എന്റെ കൂടെയുള്ളത് കുട്ടികള്‍ മാത്രമാണ്, കുട്ടികള്‍ സ്കൂളില്‍പ്പോയി കഴിഞ്ഞാല്‍ ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പിന്തുണയ്ക്കാന്‍ ആരും ഇല്ല, ആ സമയത്ത് എനിക്ക് കുറച്ച് നല്ല സുഹൃത്തുക്കളെ കിട്ടി, അവരുടെ പിന്തുണയും. പക്ഷേ രണ്ടുവര്‍ഷം ശരിക്കും അനുഭവിച്ചു, വീണ്ടും എന്തുകൊണ്ടാ എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന തോന്നലായിരുന്നു. ഇതില്‍നിന്നെല്ലാം നല്ല തിരിച്ചുവരവിന് ദൈവം കൊണ്ടുവന്ന് തന്നതാണ് നിവിന്റെ പടം.
വിവാഹം പിരിഞ്ഞു എന്നതുകൊണ്ട് ഒരു സ്ത്രീ എന്തിന് ഒറ്റപ്പെടണം ?
കല്യാണം കഴിഞ്ഞ് ഉടനെ അതായത് ഒരു വര്‍ഷത്തിനിടെ വിവാഹമോചനം നടക്കുകയാണെങ്കില്‍ ചിലപ്പോള്‍ അവര്‍ക്ക് അത്ര വലിയ പ്രശ്നം ഉണ്ടാകണം എന്നില്ല. പക്ഷേ എന്റെ കാര്യമാണെങ്കില്‍ നീണ്ട 18 വര്‍ഷത്തെ വിവാഹബന്ധമാണ് പിരിയേണ്ടിവന്നത്. ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനങ്ങളും ഒരുമിച്ചായിരുന്ന നിമിഷങ്ങളും എല്ലാം എന്നെ പിന്നീട് വേട്ടയാടാന്‍ തുടങ്ങി. ഇപ്പോള്‍ ഇത് സംസാരിക്കുന്ന അവസരത്തില്‍ക്കൂടി എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല.
സ്വന്തം ജീവിതത്തില്‍ ഇങ്ങനെ വന്നു ഭവിച്ചതിനുപിന്നില്‍ വിധിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ചില സമയത്ത് ശരിക്കുള്ള നിലപാടുകള്‍ എടുക്കാത്തതുകൊണ്ടാകാം, അങ്ങനെയൊരു വിലയിരുത്തല്‍ ഇപ്പോഴുണ്ടോ ?
കുറെക്കൂടി നല്ല രീതിയിലുള്ള തീരുമാനങ്ങള്‍ എടുക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. മാതാപിതാക്കള്‍ ആണല്ലോ നമ്മുടെ വഴികാട്ടികള്‍, ഇപ്പോള്‍ തോന്നും അവര്‍ പറയുന്നത് എന്തുകൊണ്ട് ആ സമയത്ത് കേട്ടില്ല എന്ന്. അവര്‍ പല ആവര്‍ത്തി എന്നോട് പറഞ്ഞതാണ് ഇത് വേണ്ടിയിരുന്നില്ല എന്ന്. എന്റെ മക്കള്‍ തന്നെ എന്റെയടുത്ത് ചോദിക്കും ‘അമ്മയ്ക്കെങ്ങനെ ഒരു പ്രശ്നം രണ്ടുതവണ ഉണ്ടായതെന്ന്’,
സ്വന്തം അനുഭവത്തില്‍നിന്ന് പ്രത്യേകിച്ച് എന്തെങ്കിലും മുന്‍കരുതല്‍ കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ എടുക്കുന്നുണ്ടോ ?
മുന്‍കരുതല്‍ എന്ന് പറയാന്‍ പറ്റില്ല, കാരണം ഭാവി എന്തായിരിക്കും എന്ന് നമുക്ക് ഇപ്പോഴെ പ്രവചിക്കാന്‍ പറ്റില്ലല്ലോ, പക്ഷേ എന്നെക്കൊണ്ടാവുന്ന പോലെ ഞാന്‍ അവരോട് പറയാറുണ്ട് പ്രത്യേകിച്ച് എന്റെ മോനോട്, അതായത് വരുന്ന പെണ്‍കുട്ടിക്ക് ബഹുമാനം കൊടുക്കുക എന്ന്, ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ് 'ഗീവ് റെസ്പെക്ട് ടേയ്ക് റെസ്പെക്ട്', അതുകഴിഞ്ഞ് പറയുന്നത് രണ്ടുപേരും തുല്യരാണെന്ന കാര്യം എപ്പോഴും പറഞ്ഞുകൊടുക്കും. അങ്ങനെ ഉണ്ടാകുന്ന സന്തോഷം കുടുംബ ജീവിതത്തില്‍ പ്രതിഫലിക്കും എന്ന്.