പ്പുലര്‍ ഫ്രണ്ടിനെതിരെ തുറന്നടിച്ച് ഇ.ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ശൈലിയോട് യോജിപ്പില്ലന്നും അതുകൊണ്ടുതന്നെ ലീഗ് വിഭാവനം ചെയ്യുന്ന മുസ്‌ലിം സംഘടകളുടെ പൊതുവേദിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഇടമില്ല. മറ്റുവിഭാഗങ്ങളെ ചൊടിപ്പിക്കുന്ന ശൈലി ന്യൂനപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല. കാന്തപുരം വിഭാഗത്തെ അടക്കം ഉള്‍പ്പെടുത്തിയുള്ള പൊതു പ്ലാറ്റ്ഫോമിനായി ശ്രമം തുടരുമെന്നും ഇടി പറഞ്ഞു.
താന്‍ മുജാഹിദുകാരനല്ലെന്നും അത്തരമൊരു പ്രചാരണം എങ്ങനെ വന്നെന്ന് അറിയില്ല. സമസ്തയുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ത്തതാണ്. സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തെറ്റാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍
ഇ.ടി.മുഹമ്മദ് ബഷീറും മറ്റു ചില ലീഗ് നേതാക്കളും സലഫി ആശയങ്ങളുടെ പ്രചാരകരാകുന്നു എന്ന സമസ്തയുടെ ആരോപണം വേങ്ങര തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടോ ?
തിരഞ്ഞെടുപ്പ് കാലത്ത് അങ്ങനെയുള്ള ആരോപണങ്ങള്‍ എല്ലാം ഉണ്ടാകും. വേങ്ങരയില്‍ ലഭിച്ച വോട്ടിന്‍റെ ഏറ്റക്കുറച്ചിലുകളില്‍ ഇത്തരമൊരു ആരോപണം പ്രതിഫലിച്ചിട്ടില്ല. ഈ വിഷയം ഞങ്ങള്‍ പഠനവിധേയമാക്കിയതുമാണ്. സലഫി എന്നു പറയുന്നത് പഴയ പാരമ്പര്യങ്ങള്‍ ശരിയായ രീതിയില്‍ നിലനിര്‍ത്തുന്നു എന്നതാണ്, അത് ആളുകള്‍ പറഞ്ഞ് സലഫി എന്നത് തീവ്രവാദമാണെന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മുസ്‌ലിം തീവ്രവാദം വന്ന വഴി സലഫിസത്തിന്‍റെ ഒരു അവന്തര വിഭാഗമാണെന്നും പറയുന്നത് ശരിയല്ല, അത് തെറ്റായ പ്രചാരണമാണ്.
പരോക്ഷമായിട്ടാണെങ്കിലും താങ്കള്‍ സലഫിസത്തെ പിന്തുണയ്ക്കുകയാണ് എന്നല്ലേ കരുതേണ്ടത് ?
സലഫി എന്ന് പറയുന്നത് ഒരു ചിന്താധാരയാണ് പ്രസ്ഥാനമല്ല. പരമ്പരാഗാത ചിന്താധാരയില്‍ മുന്‍പോട്ട് പോകണം എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടായ്മ. ഒരു വിശ്വാസിയുടെ കര്‍മവീഥി എന്ന് പറയുന്നത് നൂതനമായ പരിഷ്കൃതമായ ഭാവങ്ങള്‍ അല്ല, അടിസ്ഥാന മൂല്യങ്ങളെയും മാറിയ ലോക സാഹചര്യത്തിലെ പുതിയ സംഭവവികാസങ്ങളെയും സമൃദ്ധമായി ഒരുമിച്ചുകൊണ്ടുപോവുക എന്നതാണ് ശരി, അതിനുവേണ്ടിയാണ് പരിശ്രമിക്കേണ്ടത്.
ലീഗിന് ഏതെങ്കിലും ഒരു വിഭാഗത്തോട് പ്രത്യേകിച്ച് പ്രതിബദ്ധതയുണ്ടോ സുന്നികളോടോ, മുജാഹീദുകളോടോ ?
സമസ്ത എന്ന വിഭാഗം രാഷ്ട്രീയപരമായി ലീഗുമായി അടുത്തവരാണ്. ലീഗിന്‍റെ പല സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും സമസ്തയുടെയും ഭാരവാഹികളാണ്. ഞാന്‍ മുജാഹിദുകാരന്‍ അല്ല, ലീഗുകാരനാണ്. അങ്ങനെയൊരു അറിവ് ഉണ്ടെങ്കില്‍ അത് തിരുത്തേണ്ടതാണ്. സമസ്തയും ലീഗും തമ്മിലുള്ളത് ആശയവിനിമയ രംഗത്തെ ചില പോരായ്മകളും ഒപ്പം അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കാനുള്ള കഴിവില്ലാത്തതൊ ഒക്കെ ആകാം. ലീഗിന്‍റെയും സമസ്തയുടെയും ഉന്നത നേതൃത്വങ്ങള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചത് ഒരുമിച്ച് പോകാനാണ്.
മുസ്‌ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടി മിതവാദിയും താങ്കള്‍ ഒരു തീവ്രവാദിയുമാണെന്ന് പറയാറുണ്ട്, എന്തിനാണ് അങ്ങനെ പറയിപ്പിക്കുന്നത് ?
ഇങ്ങനെ ആരാണ് പറയുന്നത് എന്ന് എനിക്കറിയില്ല. തീവ്രവാദി എന്ന് പറയുന്നത് ശരിയല്ല. ശരിയായ കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കുകയാണെങ്കില്‍ അതിനെ തീവ്രനിലപാട് എന്ന് പറയേണ്ട കാര്യമില്ല. പൊതുസമൂഹം ഇക്കാര്യത്തില്‍ എന്നെ എങ്ങനെ കാണുന്നു എന്നതില്‍ യാതൊരു ഉത്കണ്ഠയുമില്ല. ഞാന്‍ ഓരോ കാര്യത്തിലും എടുക്കുന്ന നിലപാടുകള്‍ പ്രധാനമായും പുതിയ കാലത്തെ വെല്ലുവിളികളെ പാരമ്പര്യത്തില്‍നിന്ന് വ്യതിചലിക്കാത്ത രീതിയില്‍ നേരിടുക എന്നതാണ്.
വിവിധ സംഘടനകളോടുള്ള ലീഗിന്‍റെ നിലപാടില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സ്ഥാനം എവിടെയാണ് ?
പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തനശൈലിയോട് ഞങ്ങള്‍ക്ക് ശക്തമായ വിയോജിപ്പുണ്ട്. നമ്മുടേത് ഒരു ബഹുസ്വര സമൂഹമാണ്, ഈ സമൂഹത്തില്‍ മറ്റു മതവിഭാഗങ്ങളെ ചൊടിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. അതുകൊണ്ടുതന്നെ പോപ്പുലര്‍ ഫ്രണ്ടിനെ വിലയിരുത്തുന്ന കാര്യത്തില്‍ അവരെ ഞങ്ങള്‍ക്ക് ബഹുസ്വരതയ്ക്ക് പറ്റിയതാണ് എന്ന് ലീഗിന് തോന്നിയിട്ടില്ല. അവരുടെ പ്രവര്‍ത്തനശൈലിയോട് വിയോജിപ്പാണുള്ളത്.
പോപ്പുലര്‍ ഫ്രണ്ടുമായി അകല്‍ച്ചയുണ്ടെന്ന് പറയുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവരെ നിരോധിക്കണം എന്ന് താങ്കള്‍ വാദിക്കുന്നില്ല ?
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് പറയുന്ന കാര്യകാരണങ്ങള്‍ സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കില്ല. നിരോധനം സര്‍ക്കാര്‍ കൊണ്ടുവരുകയാണെങ്കില്‍ അതിന്‍റെ ഗുണവും ദോഷവും പരിശോധിച്ച് ലീഗ് അതില്‍ അഭിപ്രായം പറയും. നിരോധനം പരിഹാരമാണോ എന്നത് അങ്ങനെ വിലയിരുത്തേണ്ട കാര്യമാണ്.
ബി.ജെ.പിയെ എതിരിടാന്‍ കൂടുതലല്‍ ശക്തി ഇടതുപക്ഷത്തി നാണെന്നാണ് മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ചിന്തിക്കുന്നത്. ഇത് കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റേയും ഭാവിയെ ബാധിക്കും എന്ന് തോന്നുന്നില്ലേ ?
സി.പി.എമ്മിന്‍റേത് കാപട്യമാണ്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ ഗ്രാഫ് ചെറിയ തോതിലെങ്കിലും ഉയര്‍ന്നിരിക്കുന്ന സമയമാണ്. ഈ സമയത്ത് ചെയ്യേണ്ടത് ബി.ജെ.പിയിതര പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണം എന്നതാണ്, ഇതില്‍ തന്നെ പ്രധാന പങ്ക് വഹിക്കാന്‍ പറ്റുന്നത് കോണ്‍ഗ്രസിനുമാണ്. ബി.ജെ.പിയുടെ കൈയ്യില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തിയല്ലാതെ വേറെമാര്‍ഗമൊന്നുമില്ലല്ലോ. സി.പി.എം. ഇപ്പോഴും പറയുന്നത് കോണ്‍ഗ്രസിന്‍റെ ആവശ്യമില്ലെന്നാണ്. ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദിയും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കലും ഒക്കെ കാണിക്കുന്നത്, ഇവരുടെ അഭിനയം മാത്രമാണ്.