ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾക്ക് വലിയൊരളവിൽ ആശ്വാസം വാഗ്ദാനം ചെയ്യുകയാണ് ആർത്തവ കപ്പ് അഥവാ മെൻസ്റ്ററൽ കപ്പ്. രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്ത പരിസ്ഥിതി സൗഹൃദമായ ആർത്തവ കപ്പുകൾ കേരളത്തിലും പ്രചാരമേറി വരികയാണ്. പരമ്പരാഗത രീതികളെക്കാൾ ശുചിത്വം ഉറപ്പുവരുത്തുന്ന ഇവ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.
ആർത്തവദിനങ്ങളിലെ ശാരീരിക അസ്വസ്ഥകൾക്ക് പുറമേ ജോലിക്കാരായ സ്ത്രീകൾ, യാത്ര ചെയ്യുന്നവർ എന്നിവരെയെല്ലാം ഏറെ വിഷമിപ്പിക്കുന്ന പ്രധാനപ്രശ്നം പാഡുകൾ മാറുന്നതിലെ സൗകര്യക്കുറവ് തന്നെയാണ്. ഇവിടെയാണ് പന്ത്രണ്ട് മണിക്കൂർ വരെ സമയം ആർത്തവരക്തം യോനിക്കുള്ളിൽ തന്നെ ശേഖരിച്ച് വയ്ക്കുന്ന ആർത്തവകപ്പുകളുടെ പ്രസക്തി.
ഇതിന്റെ ഉപയോഗത്തെ കുറിച്ചുള്ള അജ്ഞതയാണ് ആർത്തവകപ്പ് ഉപയോഗിക്കാൻ പലരും മടികാണിക്കുന്നത്. പേടിക്കാനില്ല. സംഭവം തീർത്തും സിമ്പിൾ . ആർത്തവസമയത്ത് മുപ്പത് മുതൽ നാൽപത് എം എൽ രക്തം മാത്രമാണ് സാധാരണരീതിയിൽ പോകുന്നത്. അതിനാൽ തന്നെ 12 മണിക്കൂർ നേരം ആർത്തവകപ്പ് ഉപയോഗിക്കാം. അമിത രക്തസ്രാവം ഉള്ളവർ ആറ് മണിക്കൂർ കൂടുമ്പോൾ രക്തം കളഞ്ഞ് വീണ്ടും ഉപയോഗിക്കുക.ശുചിത്വം വാഗ്ദാനം ചെയ്യുന്ന ആർത്തവ കപ്പുകൾ ശുചിയായി തന്നെ സൂക്ഷിക്കണം. പത്ത് വർഷം വരെ ഒരു കപ്പ് ഉപയോഗിക്കാനാകും.