തൊടുപുഴ ഇടവെട്ടി പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. നവീകരണ ജോലികളുമായി ബന്ധപ്പെട്ട് കരാറുകാരനും പഞ്ചായത്ത് ഭരണ സമിതിയും തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. ഡോക്ടറുടെ മുറിയുൾപ്പെടെ കുത്തിപ്പൊളിച്ചിട്ടതോടെ പരിശോധന പോലും അസാധ്യമായി.
പ്രാഥമിക ആരോഗ്യകേന്ദ്രം നവീകരിക്കണമെന്ന ഇടവെട്ടി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമാണ് ഇരുട്ടടിയായത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ നവീകരണത്തിനായി ഒപ്പിച്ചു. ഇ-ടെൻഡർ വഴി കരാറുകാരനെ കണ്ടെത്തി ജോലിയും തുടങ്ങി. ജോലികൾ പകുതി പൂർത്തിയായതോടെ പണിമുടക്കുകാരെത്തി. ഇവിടെ പഞായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ചേർന്നാണ് ജോലികൾ തടസപ്പെടുത്തിയത്. നിലവാരം കുറഞ്ഞ ടൈലാണ് കരാറുകാരൻ ഉപയോഗിക്കുന്നതെന്നായിരുന്നു പരാതി. വിശ്വാസമില്ലെങ്കിൽ പണി തുടരാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി കരാറുകാരനും സ്ഥലംവിട്ടു. ഒരുമാസമായിട്ടും ജോലി പുനരാരംഭിക്കാൻ നടപടിയില്ല.
ഇതോടെ എട്ടിന്റെ പണികിട്ടിയത് ഡോക്ടർക്കും നാട്ടുകാർക്കുമാണ്. പരിശോധന മുറിയുടേതുൾപ്പെടെ തറകുത്തിപ്പൊളിച്ചു. ഒരു കസേരയിട്ട് രോഗികളെ പരിശോധിക്കാമെന്ന് കരുതിയാൽ ഒഴിഞ്ഞ ഒരു മൂലപോലുമില്ല. പൊടിയടിച്ച് ഡോക്ടറും രോഗികൾക്ക് കൂട്ടു വന്നവരും രോഗികളായി. ഇതോടെ 150ലേറെ രോഗികൾ ദിവസേന എത്തിയിരുന്ന ഇവിടം ആളൊഴിഞ്ഞ പൂരപ്പറമ്പായി. പണിപൂർത്തീകരിക്കാൻ നടപടിയില്ലെങ്കിൽ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുമെന്നാണ ഡിഎംഒയുടെ അന്ത്യശാസനം.