പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയുമായി തൃശൂരില്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രത്തിന്റെ പേര് പള്‍സര്‍. ഓട്ടോറിക്ഷ ഡ്രൈവറായ ജോബിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
തൃശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ജോബി ചുവന്നമണ്ണ്. നിരവധി ഹ്രസ്വചിത്രങ്ങള്‍ ചെയ്ത് ഇതിനോടകം കഴിവു തെളിയിച്ച പ്രതിഭ. നടി ആക്രമിക്കപ്പെട്ട വിവാദമായ കേസിന്റെ പശ്ചാത്തലത്തിലാണ് പള്‍സര്‍ എന്ന പേരില്‍ ഹ്രസ്വചിത്രം പുറത്തിറക്കിയത്. വിഷയം സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമംതന്നെ. നടിയെ ക്രൂരമായി ആക്രമിച്ച് സമൂഹത്തെ ഞെട്ടിച്ച കേസിലെ പ്രതിയുടെ പേരുതന്നെയാണ് ചിത്രത്തിനും ഇട്ടത്. അഭിനേതാക്കളുടെ മുഖം കാണിക്കാതെയാണ് പ്രമേയം അവതരിപ്പിച്ചത്. ആക്രമണത്തില്‍ നിന്ന് പെണ്‍കുട്ടിയെ നാലു ചെറുപ്പക്കാര്‍ രക്ഷപ്പെടുത്തുന്നതാണ് പ്രമേയം.
ഒറ്റമണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. സോഷ്യൽ മീഡിയ വഴി പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. ഉത്തര പ്രൊഡക്ഷന്റെ ബാനറിൽ സന്തോഷ് പിജി ആണ് നിർമാണം. ക്യാമറ ക്രിസ്റ്റി തോമസും എഡിറ്റിംഗ് ഫിന്നി ജോസഫും നിർവഹിച്ചു. സ്ത്രീ സുരക്ഷയെ പ്രമേയമാക്കി കേരള പോലീസുമായി സഹകരിച്ച് ജോബി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന വീഡിയോ ആൽബം 50 ലക്ഷത്തിലധികം ആളുകൾ കണ്ടിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ ആസ്പതമാക്കി ഉയർന്ന പോലിസ് ഉദ്ധ്യേഗസ്ഥരെ കഥാപാത്രങ്ങളാക്കി പത്തോളം ഷോർട്ട് ഫിലിമുകൾ ജോബി സംവിധാനം ചെയ്തിട്ടുണ്ട്.