വിജയ് നായകനാകുന്ന മെർസൽ ബുധനാഴ്ച തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദം മറികടന്നാണ് മെർസൽ എത്തുന്നത്. അതേ സമയം തമിഴ്നാട്ടിലെ തിയറ്റർ സമരം പൂർണമായും പിൻവലിക്കാത്തത് ദീപാവലി ചിത്രങ്ങളെ ബാധിക്കും.
അടുത്തകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം വിവാദങ്ങളും പ്രതിസന്ധികളും മറികടന്നാണ് തിയറ്ററിലെത്തിയത്. അഴകിയ തമിഴ് മകൻ, തുപ്പാക്കി, തലൈവ, പുലി, തെറി തുടങ്ങിയ ചിത്രങ്ങളെല്ലാം റിലീസ് സമയത്ത് വിവാദങ്ങളുമായാണ് എത്തിയത്. ഇപ്പോൾ മെർസലും എത്തുന്നത് പേരുമായി ബന്ധപ്പെട്ട വിവാദം മറികടന്നാണ്. ചിത്രത്തിൽ മൃഗങ്ങളെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ കേന്ദ്ര മൃഗക്ഷേമ ബോർഡ് നോട്ടിസയച്ചിട്ടുമുണ്ട്.
എന്നാൽ ഏത് പ്രതിസന്ധികളും മറികടന്ന് മെർസൽ എത്തുമെന്നാണ് വിജയ് പറഞ്ഞത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വിജയ് പറഞ്ഞ വാക്കുകൾ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.
അധിക നികുതി ചുമത്തിയതിനെതിരെ തമിഴ്നാട്ടിൽ തിയറ്റർ ഉടമകൾ റിലീസ് നിർത്തിവച്ച് സമരം പ്രഖ്യാപിച്ചത് ദീപാവലി ചിത്രങ്ങളെ ബാധിച്ചിരുന്നു. എന്തായാലും സമരം ഭാഗികമായി പിൻവലിച്ചതിനാൽ ദീപാവലി ചിത്രങ്ങൾ എത്തും എന്ന സന്തോഷത്തിലാണ് പ്രേക്ഷകർ.