ഇരുപത്തിയെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി സിത്താര്‍ മീട്ടിയ കൊച്ചിക്കാരന്‍ രാധാകൃഷ്ണന്‍ ഗിന്നസ് ബുക്കിലേക്ക്. പൊന്നുരുന്നി ശ്രീനാരയണേശ്വരം ഹാളിലായിരുന്നു ഒരു രാത്രിയും രണ്ട് പകലും നീണ്ട സംഗീത പ്രകടനം.
ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് രാധാകൃഷ്ണന്‍ സിത്താര്‍ മീട്ടിത്തുടങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സംഗീത പ്രകടനം അവസാനിപ്പിക്കുമ്പോഴേക്കും ഇരുപത്തിയെട്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ േനരം സിത്താര്‍ മീട്ടിയതിന് ഗുജറാത്തുകാരി രേണുക പുന്‍വാണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് പഴങ്കഥയാക്കിയ പ്രകടനം.
ഹിന്ദിയിലെയും മലയാളത്തിലെയും പ്രശസ്തമായ 384 പാട്ടുകള്‍ രാധാകൃഷ്ണന്‍ സിത്താറില്‍ മീട്ടി. യൂണിവേഴ്സൽ റെക്കോർഡ് ഫോറം പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. ഗിന്നസ് റെക്കോർഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ആറ് മാസത്തിനകം ഉണ്ടാകും.
രണ്ട് പാട്ടുകൾക്കിടയിൽ 30 സെക്കൻഡ് എന്ന കണക്കില്‍ മണിക്കൂറില്‍ അഞ്ച് മിനിട്ട് വീതമാണ് രാധാകൃഷ്ണന്‍ വിശ്രമിച്ചത്.