ഗ്രാമി അവാർഡ് ജേതാവ് വിശ്വമോഹൻ ഭട്ട് ആദ്യമായി മലയാളഗാനത്തിന്റെ ഭാഗമായി. മിഥുൻ നാരായണൻ സംഗീതം പകർന്ന് ജി. വേണുഗോപാൽ പാടിയ ഭക്തിഗാനത്തിനാണ് വിശ്വമോഹൻ ഭട്ടിന്റെ മോഹൻവീണ പശ്ചാത്തലമായത്. ഭട്ടുമായി ചേർന്ന് റിവർ മീറ്റ് ദ സീ എന്ന പുതിയൊരുസംഗീത സംരഭത്തിനും തയാറെടുക്കുകയാണ് മിഥുൻ നാരായണൻ.
സൗദി അറേബ്യയിൽ എൻജീയറായി ജോലിനോക്കുന്ന മാവേലിക്കര സ്വദേശിയായ മിഥുൻ നാരായണന്റെ ആദ്യ സംഗീത സംരഭമാണിത്. നാടിന്റെ പരദേവതയായ കാരാഴ്മദേവിയെക്കുറിച്ചാണ് ഗാനം.
പ്രമദവനം, പറയാൻ മറന്ന പരിഭവങ്ങൾ തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളികൾക്ക് സുപരിതിയമായ ജോഗ് രാഗത്തിലാണ് ചൈത്ര സന്ധ്യതൻ എന്ന ഈ ഗാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിശ്വമോഹൻ ഭട്ടിന് ഏറെ ഇഷ്ടമായതോടെയാണ് പുതിയ സംരംഭം മിഥുൻ നാരായണനെ ഏൽപ്പിച്ചത്.
നാൽപ്പത്തഞ്ചുമിനിറ്റ് ദൈർഘ്യമുള്ള റിവർ മീറ്റ്സ് ദ സീ എന്ന ഈ സംരംഭത്തിൽ വിശ്വമോഹൻ ഭട്ട് ഉൾപ്പടെ ഇന്ത്യൻ പാശ്ചാത്യ സംഗീത രംഗത്തെ അതികായരാണ് അണിനിരക്കുന്നത്. അടുത്തമാസം എട്ടിന് ഇതിന്റെ പ്രവർത്തനം തുടങ്ങും.