പത്തൊൻപതാമത് മുംബൈ ചലച്ചിത്രമേളയിൽ കയ്യടിനേടുകയാണ് രണ്ട് മലയാളചിത്രങ്ങൾ. സനൽകുമാർ ശശിധരന്റെ സെക്സി ദുർഗയും, നവാഗതനായ പ്രശാന്ത് വിജയുടെ അതിശയങ്ങളുടെ വേനലുമാണ് ശ്രദ്ധനേടുന്ന മലയാളസിനിമകൾ.
എസ്.ദുർഗയെന്ന് പേരുമാറ്റിയിറങ്ങിയ സെക്സി ദുർഗ മൽസരവിഭാഗത്തിലും, ഇന്ത്യൻ സിനിമാവിഭാഗത്തിലെ അതിശയങ്ങളുടെ വേനലുമാണ് കയ്യടിനേടുന്നത്. വ്യാഴാഴ്ച ആരംഭിച്ച മേളയില്‍ ഇതുവരെയുള്ള എല്ലാ പ്രദർശനത്തിലും മികച്ചപ്രതികരണമാണ് മലയാളസിനിമകള്‍ക്ക് ലഭിച്ചത്. പേര് ഉയർത്തിയ വിവാദം മറികടന്ന് ഇന്ത്യയിൽ ആദ്യമായാണ് എസ്.ദുർഗ പ്രദർശിപ്പിക്കുന്നത്. നേരത്തെ റോട്ടർഡാം ചലച്ചിത്രമേളയിൽ ചിത്രത്തിന് പുരസ്കാരം ലഭിച്ചിരുന്നു.
നവാതനായ പ്രശാന്ത് വിജയുടെ അതിശയങ്ങളുടെ വേനൽ മറ്റൊരുശ്രദ്ധേയചിത്രം. വേൽക്കാല അവധിയിലെ ഒരു ഒൻപതുവയസുകാരൻറെ ചിന്തകളാണ് ചിത്രത്തിൻറെ ഇതിവൃത്തം. കുട്ടികളിലെ തീവ്രമായ ആഗ്രഹവും, കൗതുകംനിറയുന്ന കാഴ്ചകളും അവരെ എത്തരത്തിൽ സ്പർശിക്കുന്നുവെന്നത് ചിത്രംപറഞ്ഞുവയ്ക്കുന്നു.
ആദ്യസിനിമയുടെ അമ്പരപ്പില്ലാതെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഞ്ചാംക്ലാസുകാരൻ ചന്ദ്രകിരൺ, ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. തിരുവനന്തപുരം ആര്യ സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ് ചന്ദ്രകിരൺ.