പെരുമ്പാവൂർ ജിഷ വധക്കേസിന് ഇന്ന് ഒരു വർഷം. കുറ്റപത്രം കോടതിയിൽ കൊടുത്തെങ്കിലും അന്വേഷണത്തെക്കുറിച്ച് ആദ്യം മുതലുണ്ടായ ആശങ്കകളും ആശയക്കുഴപ്പങ്ങളും അവസാനിച്ചിട്ടില്ല. വിചാരണാ ഘട്ടത്തിൽ ഈ ആശയക്കുഴപ്പങ്ങൾ പ്രതിഭാഗം ഉപയോഗിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ജിഷ കേസിലെ അന്തിമ അന്വേഷണത്തിൽ ഇനിയും പലതും കണ്ടെത്താനുണ്ടെന്നാണ് മുൻ പൊലീസ് മേധാവി ടി. പി സെൻകുമാർ സുപ്രീം കോടയിൽ വാദിച്ചത്. സംഭവസ്ഥലത്ത് കണ്ടെത്തിയ വിരലടയാളങ്ങളും തലമുടിയും തിരിച്ചറിയാൻ കഴിയാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, സെൻകുമാറിനു കീഴിൽ തുടക്കത്തിലെ അന്വേഷണം പാളിയെന്നാണ് സർക്കാരിൻറെ നിലപാട്. സെൻകുമാർ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടും മൊഴികളും പ്രഥമവിവര റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.
കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ നിന്ന് ലഭിച്ച മദ്യവുമായി ബന്ധപ്പെടുത്തി കൂടുതൽ അന്വേഷണം ഉണ്ടായില്ല എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിൽ ഉന്നയിച്ചത്. ഇത്തരം വിരുദ്ധവാദഗതികൾ കേസിനെ ബാധിക്കുമെന്നാണ് നിയമവിദഗ്ധരുടെ ആശങ്ക.
നിലവിൽ കേസിൻറെ രഹസ്യ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുകയാണ്. 13 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ഓഗസ്റ്റോടെ വിചാരണ പൂർത്തിയാകുമെന്നാണ് പ്രോസിക്യൂഷൻറെ പ്രതീക്ഷ.

Advertisement