ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയ വിവോ വി7 പ്ലസ് ഈമാസം പകുതിയോടെ വിൽപനയ്ക്കെത്തും. സെല്‍ഫികള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്മാര്‍ട്ട്‌ഫോണാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? സെല്‍ഫി സോഫ്റ്റ് ലൈറ്റ്, f/2.0 അപേര്‍ച്ചര്‍ എന്നിവയോട് കൂടിയ 24 മെഗാപിക്സല്‍ ക്യാമറയാണ് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്. 5.99 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന്. 18:9 ആസ്പെക്റ്റ് റേഷ്യോയുള്ള ഡിസ്പ്ലേ വിളുമ്പ് കുറച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
∙ വിവോ വി7 പ്ലസിന്റെ ഇന്ത്യയിലെ വില, ലഭ്യത
വിവോ വി7+ ന്റെ ഇന്ത്യയിലെ വില 21,990 രൂപയാണ്. സെപ്റ്റംബര്‍ ഏഴു മുതല്‍ ഫോണിന്റെ പ്രീ-ബുക്കിങ് തുടങ്ങി. സെപ്റ്റംബര്‍ 15 മുതലാണ് ഫോണിന്റെ ഇന്ത്യയിലെ ആദ്യവിൽപന ആരംഭിക്കുന്നത്. ഗോള്‍ഡ്, മാറ്റ് ബ്ലാക്ക്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.
∙ വിവോ വി7+ ന്റെ സവിശേഷതകള്‍
ഡുവല്‍ സിം (നാനോ സിം) വിവോ വി7+ ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.1 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 3.2 ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 5.99 ഇഞ്ച് എച്ച്ഡി (720x1440 pixels) ഐപിഎസ് ഇന്‍സെല്‍ 'ഫുള്‍വ്യൂ' ഡിസ്പ്ലേയ്ക്ക് 18.9 ആസ്പെക്റ്റ് റേഷ്യയുണ്ട്. കൂടാതെ ഡിസ്പ്ലേയ്ക്ക് കൊണിങ് ഗോറില്ല ഗ്ലാസ് 3 ന്‍റെ അധിക സംരക്ഷണവുമുണ്ട്. പരമാവധി വിളുമ്പ് കുറച്ചാണ് ഡിസ്പ്ലേയുടെ രൂപകല്‍പന. 2.15 എംഎം വീതി മാത്രമാണ് അരികുകള്‍ക്കുള്ളത്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍, വിവോ വി7+ ന് f/2.0 അപേര്‍ച്ചര്‍, 1/2.78 ഇഞ്ച് സെന്‍സര്‍, 'മൂണ്‍ലൈറ്റ് ഗ്ലോ' സോഫ്റ്റ് സെല്‍ഫി ലൈറ്റ് എന്നിവയോടു കൂടിയ 24 മെഗാപിക്സല്‍ മുന്‍ക്യാമറയാണ് നല്‍കിയിരിക്കുന്നത്. f/2.0 അപേര്‍ച്ചറോടും ഇരട്ട എല്‍ഇഡി ഫ്ലാഷോടും കൂടി 16 മെഗാപിക്സല്‍ ക്യാമറ പിന്‍വശത്തും നല്‍കിയിട്ടുണ്ട്. 64 ജിബിയാണ് ഇന്‍ബില്‍റ്റ് സ്റ്റോറേജ്, ഇത് മൈക്രോ എസ്.ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാനും കഴിയും
4ജി VoLTE, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ-യു.എസ്.ബി, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ എന്നിവയാണ് വിവോ വി7+ ലെ പ്രധാന കണക്ടിവിറ്റി സൗകര്യങ്ങള്‍. ആക്സിലറോമീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സെന്‍സറുകള്‍. 155.87x75.47x7.7 എം.എം വലിപ്പമുള്ള ഫോണിന് 160 ഗ്രാം ഭാരമുണ്ട്. 3225 എംഎഎച്ച് ആണ് ബാറ്ററി. AK4376A ഹൈ-ഫൈ ഓഡിയോ ചിപ്പ്സെറ്റും കമ്പനി ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.