ഐഫോൺ ഉൾപ്പടെയുള്ള ലോകത്തെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്കു വെല്ലുവിളി ഉയര്‍ത്താന്‍ തക്ക മികവുമായാണ് ഗൂഗിളിന്റെ രണ്ടാം തലമുറ പിക്‌സല്‍ ഫോണുകൾ എത്തിയിരിക്കുന്നത്. പിക്‌സല്‍ 2, പിക്‌സല്‍ 2 XL എന്നീ പേരുകളിലാണ് ഫോണുകള്‍ ഇറക്കിയിരിക്കുന്നത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മറ്റു സ്മാർട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പേടിക്കേണ്ട പലതും ഈ ഫോണുകളില്‍ ഉണ്ടെന്നാണ്. 2017ല്‍ പുറത്തിറക്കുന്ന ഏറ്റവും ആധുനികമായ ഫോണുകളില്‍ നിന്ന് എന്തൊക്ക പ്രതീക്ഷിക്കാമോ അതെല്ലാം ഇവയില്‍ ലഭ്യമാണ്.
രണ്ടു മോഡലുകള്‍ക്കും ഒരു മാന്ദ്യവുമില്ല എന്നു മാത്രമല്ല അതി വേഗം ഉപയോഗിക്കാനാകും. ഫോണിനു ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറും 4GB റാമുമാണ്. എറ്റവും ശുദ്ധമായ ആന്‍ഡ്രോയിഡ് 8 ഓപ്പറേറ്റിങ് സിസ്റ്റമാകട്ടെ കൊതിപ്പിക്കുന്ന രീതിയില്‍ ഒഴുക്കുള്ള പ്രകടനം നടത്തുന്നു. അലൂമിനിയം കോട്ടിങുള്ള ഇരു ഫോണുകള്‍ക്കും വളരെ ഭാരക്കുറവു തോന്നിക്കുന്നു എന്നതാണ് മറ്റൊരു താത്പര്യജനകമായ കാര്യം. വിലകൂടിയ ഉപകരണമാണെന്നും ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കും.
HTC ഫോണുകളില്‍ കണ്ട എഡ്ജ് സെന്‍സ് (Edge sense) ഇരു മോഡലുകളിലും ഉണ്ട്. ഗൂഗിള്‍ ഇതിനെ വിളിക്കുന്നത് ആക്ടീവ് എഡ്ജ് എന്നാണ്. ഫോണിന്റെ താഴത്തെ പകുതിയില്‍ ഞെക്കിയാല്‍ ഗുഗിള്‍ അസിറ്റന്റിനെ ലോഞ്ച് ചെയ്യാം.