ഒരു കാലമുണ്ടായിരുന്നു, ജോലി ചെയ്യുന്ന കാലത്ത് പണം സ്വരുക്കൂട്ടിവെച്ച് 50 വയസ്സെല്ലാം കഴിയുമ്പോഴേക്കും ആ പണം കൊണ്ട് വീട് വയ്ക്കുന്ന ഒരു തലമുറ. അവരുടെ ജീവിതകാലത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നു വീട് വെക്കുന്നത്. എന്നാല്‍ ഇന്ന് കഥ മാറി. വീട് വാങ്ങുന്നവരുടെ പ്രൊഫൈലില്‍ കാര്യമായ മാറ്റങ്ങള്‍ കാലങ്ങള്‍ക്കൊണ്ട് സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വീട് വാങ്ങല്‍ ജനത കുറച്ചുകൂടി യംഗ് ആണ് ഇന്ന്.
34-38 വയസ്സിനിടയിലുള്ളവര്‍ വീട് വാങ്ങുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. യുവതലമുറയില്‍ ഭാര്യയും ഭര്‍ത്താവിനും മിക്കവാറും ജോലിയുണ്ടാകും. അവര്‍ ഒത്തൊരുമിച്ചാണ് വീട് വയ്ക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുക. രണ്ട് പേരും ശമ്പളക്കാരണെന്നതാണ് ഇപ്പോഴത്തെ യുവതലമുറയുടെ വലിയ ശക്തിയെന്ന് അനറോക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് സിഇഒ അശ്വിന്ദര്‍ രാജ് സിംഗ് പറയുന്നു.
ഇരട്ടവരുമാനം യുവദമ്പതിമാരുടെ ട്രേഡ്മാര്‍ക്ക് ആയപ്പോള്‍ അവരാണ് ഭവനവായ്പ കമ്പനികളുടെയും ബാങ്കുകളുടെയുമെല്ലാം പ്രിയപ്പെട്ട 'നോട്ടപ്പുള്ളികള്‍'. വര്‍ഷങ്ങളോളം തുടര്‍ന്നും ജോലി ചെയ്യുമെന്നുള്ള ഉറപ്പ്, മികച്ച ശമ്പളം തുടങ്ങിയവ കാരണം ഇവര്‍ക്ക് ബാങ്കുകള്‍ ഭവനവായ്പ എളുപ്പം നല്‍കാനും ശ്രമിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ദമ്പതികള്‍ വായ്പയെടുത്ത് വീട് വയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലേക്ക്...
സ്റ്റാര്‍ട്ടര്‍ ഹോമുകള്‍...
വലിയ വീടുണ്ടാക്കാന്‍ ചാടിക്കയറി ഇറങ്ങാതിരിക്കുന്നതാണ് യുവദമ്പതിമാര്‍ക്ക് നല്ലത്. സ്റ്റാര്‍ട്ടര്‍ ഹോം എന്ന ആശയമാണ് അവര്‍ക്ക് യോജിക്കുക. അതായത്, നിലവിലെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍, അത്യാവശ്യം സൗകര്യങ്ങളോടുള്ള വീട്. അതും മികച്ചൊരു ലൊക്കേഷനില്‍. വലിയ വീടിന് കൂടുതല്‍ നിക്ഷേപിക്കാത്തതാണ് നല്ലത്. എന്നാല്‍ ഭാവിയില്‍ കുടുംബം വലുതാകുന്നത് അനുസരിച്ച് വീടിന് വലുപ്പം കൂട്ടാന്‍ പാകത്തിലായിരിക്കണം നിര്‍മാണവും മറ്റും നടത്തേണ്ടത്. ലൊക്കേഷന്‍ പ്രധാനമാണ്. വീട് വില്‍ക്കണമെന്ന് തോന്നിയാല്‍ പെട്ടെന്ന് അത് സാധ്യമാകുന്നിടത്താകണം.
ബജറ്റ് തീരുമാനിക്കല്‍
ഒരാളുടെ ജോലി സുരക്ഷിതമല്ലാത്ത കുടുംബം ആണെങ്കില്‍ അതിനനുസരിച്ച ബജറ്റില്‍ മാത്രം വീട് പണിയുന്നതാകും ഉചിതം. അല്ലാതെ വന്‍തുക വായ്പയെടുത്ത് പെട്ടുപോകാന്‍ ഇടവരുത്തരുത്. വിവാഹജീവിതത്തിന്റെ ആദ്യ കാലം ആസ്വദിക്കാനുള്ള പണം കൂടി മാറ്റിവെച്ചൊന്നും വീട് പണിയാന്‍ മെനക്കെടരുത്. ജീവിതം ആസ്വദിക്കാനുള്ളത് തന്നെയാണ്. അതിനോടൊപ്പമുള്ള പ്രാധാന്യമാണ് വീടിനും നല്‍കേണ്ടത്. രണ്ട് പേരുടെയും ശമ്പളത്തിന്റെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വിലയിരുത്തലിന് ശേഷമാകണം വീടിനുള്ള ബജറ്റ് നിശ്ചയിക്കേണ്ടത്.
വാടകയ്ക്ക് തന്നെ നിന്നാല്‍ മതിയോ
പല ദമ്പതിമാര്‍ക്കും എപ്പോഴും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. വീടിനെ ഒരു നിക്ഷേപമായി കാണാന്‍ ആഗ്രഹിക്കാത്ത യുവദമ്പതിമാര്‍ ഉണ്ട്. വാടക നല്‍കി താമസിച്ച് മറ്റ് നിക്ഷേപക മാര്‍ഗ്ഗങ്ങള്‍, ഓഹരി, മ്യൂച്ചല്‍ ഫണ്ട് അങ്ങിനെ...തേടുന്നവര്‍ നിരവധിയാണ്. ഒരു പങ്കാളിക്ക് ഇതിലാണ് താല്‍പ്പര്യമെങ്കില്‍ സമവായത്തിലെത്തിയ ശേഷം മാത്രം വായ്പയ്ക്ക് ഓടിയാല്‍ മതി. എന്നാല്‍ വീട്ടുവാടകയില്‍ നിന്ന് കൂടുതല്‍ നേടാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതലും.
വിപണി സാഹചര്യം മനസിലാക്കുക
വീട് വാങ്ങാനോ വയ്ക്കാനോ ഓടും മുമ്പ് നിലവിലെ വിപണി സാഹചര്യം കൂടി പഠിക്കണം. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയെന്ന വലിയ പരിഷ്‌കരണത്തിലൂടെ വിപണി ഒന്നു കലങ്ങി മറിയാനുണ്ട്. റെറ പൂര്‍ണ അര്‍ത്ഥത്തില്‍ പ്രാബല്യത്തിലായാല്‍ വിലയിലും സുരക്ഷിതത്വത്തിലും ഉപഭോക്താവിന് സഹായപ്രദമായ നിരവധി കാര്യങ്ങള്‍ സംഭവിക്കും. അല്‍പ്പം ഒന്ന് കാത്തിരിക്കുന്നത് നല്ലതാണ്.