സംസ്ഥാനത്ത് ആകെയുള്ള 77.16 ലക്ഷം വീടുകളിൽ 11.58 ലക്ഷവും ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോർട്ട്. കേരള പഠനം രണ്ടാംഘട്ടത്തിന്റെ ഭാഗമായി സെൻസസ് രേഖകളുടെ അടിസ്ഥാനത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ റിപ്പോർട്ടിലാണു കേരളത്തിലെ പൂട്ടിയിട്ട വീടുകളുടെ എണ്ണം വ്യക്തമാക്കുന്നത്.
മറ്റു സ്ഥലങ്ങളിൽ തൊഴിൽ തേടി പോയവരും നിലവിൽ ഒരു വീടുണ്ടായിരിക്കെ മറ്റൊരു വീട് നിർമിച്ചവരുമാണ് ഈ വീടുകളുടെ ഉടമകൾ. ഒരുവശത്ത് ആൾതാമസമില്ലാതെ വീടുകൾ പൂട്ടിയിടുമ്പോൾ മറുവശത്ത് ഭവനരഹിതർക്കായി വീടുകൾ നിർമിക്കേണ്ടി വരുന്ന അവസ്ഥയാണു കേരളത്തിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
∙ കേരളത്തിൽ ഏറ്റവും കൂടുതലുള്ളത് രണ്ടു മുതൽ അഞ്ചു വരെ മുറികളുള്ള വീട്– 66.19 ലക്ഷം . ഇവയിൽ 9.43 ലക്ഷം വീടുകളും ഒഴിഞ്ഞു കിടക്കുന്നു.
∙ ഒറ്റമുറി മാത്രമുള്ള വീടുകളിൽ 1.26 ലക്ഷവും രണ്ടു മുറികളുള്ള വീടുകളിൽ 3.39 ലക്ഷം വീടുകളും മൂന്നു മുറിയുള്ള വീടുകളി്‍ 3.30 ലക്ഷം വീടുകളും നാലു മുറിയുള്ള വീടുകളിൽ 1.96 ലക്ഷം വീടുകളും പൂട്ടിയിട്ടിരിക്കുകയാണ്.
∙ ആറോ അതിൽ കൂടുതലോ ബെഡ്റൂമുകളുള്ള 4.50 ലക്ഷം വീടുകളിൽ 57272 വീടുകൾ ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നു.
∙ സംസ്ഥാനത്തു നിർമിച്ചിട്ടുള്ള വീടുകളല്ലാത്ത കെട്ടിടങ്ങളുടെ എണ്ണം 23. 25 ലക്ഷം ആണ്. ഇതിൽ നഗരങ്ങളിൽ 6.03 ലക്ഷവും ഗ്രാമങ്ങളിൽ 5.85ലക്ഷവും കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നു.
കണക്കുകൾ സെൻസസ് രേഖകളുടെ അടിസ്ഥാനത്തിൽ
കേരളത്തിലെ വീടുകളെ കുറിച്ചുള്ള കണക്കുകൾ ഇങ്ങനെ
ആകെ വീടുകൾ– 77.16 ലക്ഷം
ഒഴിഞ്ഞു കിടക്കുന്ന വീടുകൾ– 11.58 ലക്ഷം
അണുകുടുംബങ്ങൾ മാത്രം താസമിക്കുന്ന വീടുകൾ – 52.81 ലക്ഷം