രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. ജിയോ പ്രൈം വരിക്കാർക്ക് നൽകിയിരുന്ന 399 രൂപയുടെ ധൻ ധനാ ധൻ പ്ലാനിന്റെ നിരക്ക് 459 രൂപയായി ഉയർത്തി. മറ്റു നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ജിയോ നിരക്കുകളുടെ വർധനയും വരുമെന്ന് കമ്പനി അറിയിച്ചിരുന്നു. പ്രീപെയ്ഡ്-പോസ്റ്റ് പെയ്ഡ് ഓഫർ നിരക്കുകളിലെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. 459 രൂപ പ്ലാനിൽ ദിവസം ഒരു ജിബി നിരക്കിൽ 84 ദിവസത്തേക്ക് ഡേറ്റ ഉപയോഗിക്കാം. ഫ്രീ കോൾ, എസ്എംഎസ് എന്നിവ തുടരും. അതേസമയം, വരും ദിവസങ്ങളിൽ ഫ്രീ കോളിനും നിയന്ത്രണം വരുമോ എന്നും വരിക്കാർക്ക് ആശങ്കയുണ്ട്.
എന്നാൽ, 399 രൂപയുടെ പ്ലാൻ ഇപ്പോഴും ഉണ്ട്. പ്ലാനിന്റെ കാലാവധി 70 ദിവസമായി വെട്ടിക്കുറച്ചു. ഒക്ടോബർ 19ന് അർധരാത്രിയാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. ഇതിനു പുറമെ, 509 രൂപ പ്ലാനിന്റെ കാലാവധിയും വെട്ടിക്കുറച്ചു. ഈ പ്ലാനിൽ ദിവസേന രണ്ട് ജിബി നിരക്കിൽ 49 ദിവസം ഡേറ്റ ഉപയോഗിക്കാം. നേരത്തെ ഈ പ്ലാനിന്റെ കാലാവധി 56 ദിവസമായിരുന്നു.